തലശ്ശേരി-കൊട്ടിയൂർ റൂട്ടിൽ അനധികൃത സർവീസ്; നടപടി

കൂത്തുപറമ്പ് : തലശ്ശേരി – കൊട്ടിയൂർ റൂട്ടിൽ അനധികൃതമായി സർവീസ് നടത്തുന്ന ബസ്സുകൾക്കെതിരെ നടപടിയുമായി മോട്ടർ വാഹന വകുപ്പ്. തലശ്ശേരി – കൊട്ടിയൂർ റൂട്ടിൽ നടത്തിയ വാഹന പരിശോധനയിൽ പെർമിറ്റ് ഇല്ലാതെ സർവീസ് നടത്തിയ പത്തോളം ബസുകൾക്കെതിരെ കേസെടുത്തു. 75,000 രൂപ പിഴയും ഈടാക്കി. തലശ്ശേരി ജോയിന്റ് ആർ.ടി.ഒ ഷാനവാസ് കരീമിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
കെ.എസ്ആർ.ടി.സിയുടെയും തലശ്ശേരി – കൊട്ടിയൂർ റൂട്ടിൽ ഓടുന്ന പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സിന്റെയും പരാതിയിലാണ് നടപടി. കൂത്തുപറമ്പ്, കണ്ണവം ഭാഗങ്ങളിലായിരുന്നു പരിശോധന. അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ അജിത്ത് ജെ.നായർ, വി.പി.രാജേഷ്, എം.വി. അഖിൽ എന്നിവരും പങ്കെടുത്തു. മതിയായ പെർമിറ്റ് ഇല്ലാതെ സർവീസ് നടത്തിയാൽ വാഹനങ്ങൾ പിടിച്ചെടുക്കുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്ക് നീങ്ങുമെന്ന് ജോ. ആർ.ടി.ഒ പറഞ്ഞു.