പേരിന് പോലും അംഗീകൃത പരിശീലകരില്ല, തട്ടിക്കൂട്ട് ഡ്രൈവിങ്ങ് സ്‌കൂളുകള്‍ക്ക് പൂട്ടുവീഴുന്നു

തിരുവനന്തപുരം:അംഗീകൃത പരിശീലകര്‍ പഠിതാക്കളുമായി ഹാജരാകണമെന്ന നിബന്ധനയില്‍ മോട്ടോര്‍വാഹന വകുപ്പ് ഉറച്ചുനിന്നതോടെ തട്ടിക്കൂട്ട് സ്ഥാപനങ്ങള്‍ കുടുങ്ങി. രേഖകളില്‍ മാത്രം പരിശീലകരുള്ള ഒട്ടേറെ സ്ഥാപനങ്ങള്‍ ഈ മേഖലയിലുണ്ട്. പുതിയ നിര്‍ദേശം കാരണം ശനിയാഴ്ച ഡ്രൈവിങ് സ്‌കൂളുകള്‍ വഴി ടെസ്റ്റിനു ഹാജരായവരുടെ എണ്ണത്തില്‍ കുറവുണ്ട്. 1404 ടെസ്റ്റ് നടന്നതില്‍ 760 പേര്‍ വിജയിച്ചു. റോഡ് ടെസ്റ്റില്‍ ഉള്‍പ്പെടെ കൃത്യമായി വാഹനമോടിക്കുന്നവര്‍ക്കു മാത്രം ലൈസന്‍സ് നല്‍കിയാല്‍ മതിയെന്ന നിര്‍ദേശം ഉദ്യോഗസ്ഥര്‍ പാലിച്ചതോടെ വിജയശതമാനം 54.1 ആയി കുറഞ്ഞു. നേരത്തേ 70 ശതമാനം പേര്‍ വിജയിച്ചിരുന്നു. അംഗീകൃത പരിശീലകര്‍ നേരിട്ടെത്തണമെന്ന വ്യവസ്ഥയെ ഡ്രൈവിങ് സ്‌കൂളുകാര്‍ എതിര്‍ക്കുന്നുണ്ടെങ്കിലും പഴയപടി സമരത്തിലേക്കും ബഹിഷ്‌കരണത്തിലേക്കും നീങ്ങിയിട്ടില്ല.
നിര്‍ദിഷ്ട യോഗ്യതയുള്ളവര്‍ നേരിട്ടു പഠിപ്പിക്കണമെന്ന് സ്‌കൂള്‍ ലൈസന്‍സില്‍ വ്യവസ്ഥയുണ്ട്. നിയമത്തിലുണ്ടെങ്കിലും ഇതു പാലിച്ചിരുന്നില്ല. സ്‌കൂള്‍ ലൈസന്‍സിന് അപേക്ഷിക്കുമ്പോള്‍ മാത്രമാണ് അംഗീകൃത പരിശീലകനെ എത്തിച്ചിരുന്നത്. ഈ ക്രമക്കേടു തടയാന്‍ മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡ്രൈവിങ് ടെസ്റ്റിന് അംഗീകൃത പരിശീലകരുടെ സാന്നിധ്യം ശനിയാഴ്ചമുതലാണ് നിര്‍ബന്ധമാക്കിയത്. പഠിതാക്കളെ ടെസ്റ്റിനെത്തിക്കേണ്ടത് അതത് സ്‌കൂളുകളുടെ അംഗീകൃത പരിശീലകന്‍ നേരിട്ടായിരിക്കണമെന്നാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഉത്തരവിട്ടത്. ഒരു അംഗീകൃത പരിശീലകന്‍ ഒന്നിലധികം സ്‌കൂളുകളുടെ ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നതും വിലക്കിയിട്ടുണ്ട്.
അതേസമയം ഡ്രൈവിങ് സ്‌കൂളില്‍ പഠിച്ചവര്‍ക്ക് വേണമെങ്കില്‍ സ്വന്തം വാഹനത്തില്‍ ടെസ്റ്റില്‍ പങ്കെടുക്കാനാകും. ഇതിന് അംഗീകൃത പരിശീലകന്‍ സ്ഥലത്ത് ഉണ്ടാകേണ്ടതില്ല. ആര്‍ക്കും സ്വന്തംവാഹനത്തില്‍ ഡ്രൈവിങ് ടെസ്റ്റില്‍ പങ്കെടുക്കാമെന്നാണ് വ്യവസ്ഥ. അംഗീകൃത പരിശീലകര്‍ രേഖകളില്‍മാത്രമുള്ള സ്‌കൂളുകള്‍ ടെസ്റ്റില്‍ നിന്ന് മാറിനില്‍ക്കാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ വ്യക്തികള്‍ക്ക് സ്വന്തം വാഹനവുമായി ടെസ്റ്റില്‍ പങ്കെടുക്കാം.