അടുക്കളജോലി ചെയ്യുന്ന അച്ഛനമ്മമാർ; സമത്വത്തിന്റെ പുതിയ ചിത്രവുമായി മൂന്നാം ക്ലാസ് പാഠപുസ്തകം

തിരുവനന്തപുരം : വീട്ടുജോലികൾ ചെയ്യുന്നതിന് ലിംഗഭേദമില്ലെന്ന ആശയം പങ്കുവച്ച് മൂന്നാം ക്ലാസിലെ മലയാള പാഠപുസ്തകം. വീട്ടിലെ പ്രധാന തൊഴിലിടമാണ് അടുക്കള എന്ന തലക്കെട്ടോടുകൂടിയാണ് അടുക്കളയിൽ ജോലി ചെയ്യുന്ന അച്ഛന്റെയും അമ്മയുടെയും മക്കളുടെയും ചിത്രം ഉൾപ്പെടുത്തിയിരിക്കുന്നത്. സ്ത്രീ അടുക്കളപ്പണി ചെയ്യുകയും പുരുഷൻ പുറത്ത് ജോലിക്കു പോവുകയും ചെയ്യുന്നതായി കാണിച്ചിരുന്ന രീതിയിൽ നിന്ന് വ്യത്യസ്തമായി സമത്വം വീട്ടില്‍ നിന്ന് തുടങ്ങണമെന്ന പാഠത്തെ മുന്നോട്ടു വയ്ക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പെട്ടെന്നു തന്നെ ശ്രദ്ധ നേടി. അടുക്കള ജോലികൾ എല്ലാവരും ഒരുമിച്ച് ചെയ്യേണ്ടതാണെന്ന് ചിത്രത്തിലൂടെ ഓർമിപ്പിക്കുന്നതാണ് പാഠഭാഗം.
‘എന്തെല്ലാം പണികളാണ് അടുക്കളയില്‍ നടക്കുന്നത് ?, വീട്ടിലെ കാര്യങ്ങള്‍ കൂടെ ഓര്‍മിച്ച് പറയൂ, ‘അടുക്കളയില്‍ എന്തല്ലാം ഉപകരണങ്ങള്‍ ഉപയോഗിക്കുന്നുണ്ട് ?, അടുക്കളപ്പണിയുമായി ബന്ധപ്പെട്ട് എന്തൊക്കെ വാക്കുകളും പ്രയോഗങ്ങളും നിങ്ങള്‍ക്ക് കണ്ടെത്താനാവും ?, കണ്ടെത്തിയവ ഉള്‍പ്പെടുത്തി കുറിപ്പ് തയ്യാറാക്കൂ ‘- എന്നിങ്ങനെ പഠനപ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളും ചിത്രത്തിനൊപ്പമുണ്ട്.
അടുക്കള ജോലികൾ സ്ത്രീകൾ മാത്രം ചെയ്യേണ്ടതാണെന്ന പരമ്പരാഗത ബോധത്തെ കുട്ടികളിൽ നിന്ന് തുടച്ചുനീക്കുന്നതാണ് ചിത്രമുൾപ്പെടെയുള്ള പാഠഭാഗമെന്നാണ് സോഷ്യൽ മീഡിയയിലെ അഭിപ്രായം. യാഥാസ്ഥിതിക ജെൻഡർ മൂല്യങ്ങളെ നിരസിച്ച് സമത്വത്തിന്റെ ആശയം കുട്ടികളിലേക്കെത്തിച്ച പാഠപുസ്തകവും ഇത്തരമൊരു മാറ്റത്തിന് തുടക്കം കുറിച്ച ഇടത് സർക്കാരും കയ്യടി അർഹിക്കുന്നുവെന്നും സോഷ്യൽ മീഡിയ പറയുന്നു. ലിംഗസമത്വത്തെക്കുറിച്ചുള്ള പാഠഭാഗങ്ങൾ പുസ്തകത്തിലുൾപ്പെടുത്തുമെന്ന് പൊതു വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പറഞ്ഞിരുന്നു. മന്ത്രിയും ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.