പ്രണയംനടിച്ചും വിവാഹ വാഗ്ദാനം നൽകിയും 14-കാരിയെ പീഡിപ്പിച്ച യുവാവിന് 33 വർഷം കഠിനതടവ്

പത്തനംതിട്ട : പതിനാലു വയസ്സുകാരിയായ പെൺകുട്ടിയെ പ്രണയംനടിച്ചും വിവാഹവാഗ്ദാനം നൽകിയും ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ അടൂർ ചൂരക്കോട് കളത്തട്ട് രാജേന്ദ്രഭവനത്തിൽ വിധു കൃഷ്ണനെ (ചന്തു-31) പോക്സോ പ്രിൻസിപ്പൽ സ്പെഷ്യൽ ജഡ്ജി ജയകുമാർ ജോൺ 33 വർഷം കഠിനതടവിനും രണ്ടുലക്ഷത്തി ഇരുപതിനായിരം രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചു. പിഴ ഒടുക്കാതിരുന്നാൽ 22 മാസം അധിക തടവുശിക്ഷയും അനുഭവിക്കണം. 2019-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. എട്ടാംക്ലാസ് വിദ്യാർഥിനിയെ സ്കൂൾ പരിസരങ്ങളിൽ സ്ഥിരമായി പിൻതുടർന്ന് പ്രണയം നടിച്ച് വശീകരിച്ച് പീഡിപ്പിക്കുകയായിരുന്നെന്നാണ് കേസ്. ജോലിക്കാരിയായ അമ്മയുമൊത്ത് താമസിച്ചുവന്നിരുന്ന പെൺകുട്ടി ഒരുദിവസം വൈകുന്നേരമായിട്ടും വീട്ടിലെത്താതിരുന്നതിനെ തുടർന്ന് നൽകിയ പരാതിയിലെ അന്വേഷണത്തിനൊടുവിലാണ് വിവരം പുറത്തായത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. ജയ്സൺ മാത്യൂസ് ഹാജരായി.