കേസുകള്‍ക്ക് പോസ്റ്റ്‌മോര്‍ട്ടം ടേബിളില്‍ നിന്ന് തുമ്പുണ്ടാക്കിയ വിദഗ്ധന്‍ ഡോ.പി.ബി. ഗുജറാൾ വിരമിച്ചു

Share our post

പാലക്കാട്: ഒട്ടനവധി ക്രിമിനൽ കേസുകള്‍ക്ക് പോസ്റ്റ്മോർട്ടം ടേബിളിൽ നിന്ന് തെളിവും തുമ്പുമുണ്ടാക്കിയ പാലക്കാട് ജില്ലാ പൊലീസ് സര്‍ജനും, ചീഫ് കണ്‍സള്‍ട്ടന്റുമായ ഡോ. പി.ബി. ഗുജറാള്‍ സര്‍വ്വീസില്‍ നിന്ന് പടിയിറങ്ങി. രാജ്യത്ത് ആദ്യമായി മെഡിക്കോ ലീഗല്‍ കോഡ് കേരളത്തിനായി തയ്യാറാക്കിയ വിദഗ്ദനാണ് ഗുജറാള്‍. മോർച്ചറികളിൽ മൃതദേഹം കാണാനെത്തുവർക്ക് വേണ്ടി ജാലക മോർച്ചറി എന്ന ആശയം നടപ്പാക്കിയതിനു പിന്നിലും അദ്ദേഹം തന്നെയായിരുന്നു.

പതിനാറായിരത്തിൽപ്പരം പോസ്റ്റ്മോർട്ടങ്ങൾ, അയ്യായിരത്തോളം കേസുകളിൽ സാക്ഷിമൊഴി, ആയിരകണക്കിന് മെഡിക്കോ ലീഗൽ പരിശോധനകൾ. മരിച്ചവരുടെ നീതിക്കായി ആത്മാര്‍ത്ഥയോടെ 30 വര്‍ഷങ്ങള്‍ പ്രവർത്തിച്ച് സംതൃപ്തിയോടെയാണ് ഡോ. പിബി ഗുജ്റാൾ സർവീസ് അവസാനിപ്പിക്കുന്നത്.

1994ല്‍ മറയൂരിലെ പി.എച്ച്.സി.യിൽ നിന്ന് തുടങ്ങിയ ഔദ്യോഗിക ജീവിതം. 2,000 മുതൽ തുടര്‍ച്ചയായ 25 വര്‍ഷവും പാലക്കാട് ജില്ലാ ആശുപത്രിയിലെ മോർച്ചറിയിലായിരുന്നു. കരിയറയിൽ ഒരിടത്തും പതറാത്ത ഗുജ്റാൾ, തൻ്റെ മുന്നിലെത്തിയ ഒരോ മരിച്ചവരുടേയും നാവായിരുന്നു. ശുപാർശകൾക്ക് ചെവി കൊടുക്കാതെ, ടൈപ്പിസ്റ്റിനെ ഉപയോഗിച്ചാൽ പോസ്റ്റ്മോർട്ടത്തിലെ സ്വകാര്യത നഷ്ടപ്പെടുമെന്ന് കരുതി സ്വന്തം കമ്പ്യൂട്ടറില്‍ ടൈപ്പ് ചെയ്ത് പോസ്റ്റ്മോർട്ടം റിപ്പോർട്ട് തയ്യാറാക്കിയിരുന്ന ഡോ.ഗുജറാളിൽ നിന്നാണ് പലപ്പോഴും കോടതികള്‍ ഉൾപ്പെടെ വിദഗ്ദാഭിപ്രായം തേടിയിരുന്നത്.

പാലക്കാട് ജില്ലാ ആസ്പത്രിയിലെ മോർച്ചറിയിൽ ജാലക മോര്‍ച്ചറി സംവിധാനം ഒരുക്കി ദേശീയ ശ്രദ്ധ നേടിയിരുന്നു. ലൈംഗീകാതിക്രമങ്ങളിലെ അതിജീവിതമാരുടെ സ്വകാര്യതയും അന്തസ്സും ഉയര്‍ത്തിപ്പിടിക്കുന്ന വൈദ്യപരിശോധനക്ക് വഴിയൊരുക്കിയതും അദ്ദേഹം തന്നെയായിരുന്നു. വിശ്രമ ജീവിതത്തിലക്ക് കടക്കുമ്പോഴും ഒരു തുടക്കാരനെ പോലെ ഫോറൻസിക്ക് സയൻസിൽ പഠനം തുടരാനുള്ള തയ്യാറെടുപ്പിലാണ് ഡോ.ഗുജറാൾ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!