ജൂൺ നാലിന് പുതിയ ഉദയമെന്ന് രാഹുൽ; ജനാധിപത്യം വിജയിക്കുമെന്ന് കെജ്‍രിവാൾ; വിജയമുറപ്പിച്ച് ഇൻഡ്യ നേതാക്കൾ

ലോക്സഭാ തിരഞ്ഞെടുപ്പിലെ അവസാനഘട്ട പോളിങ്ങിൽ എല്ലാവരോടും വോട്ട് ചെയ്യാൻ അഭ്യർത്ഥിച്ച് ഇൻഡ്യ മുന്നണി നേതാക്കൾ. അഹങ്കാരത്തിൻ്റെയും സ്വേച്ഛാധിപത്യത്തിൻ്റെയും പ്രതീകമായ മോദി സർക്കാരിന് വോട്ടുകൊണ്ട് മറുപടി നൽകണമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ജനാധിപത്യ- ഭരണഘടന സംരക്ഷണത്തിനായി കടുത്ത ചൂടിലും എല്ലാവരും വോട്ട് രേഖപ്പെടുത്തുന്നത് അഭിമാനകരമാണ്. ജൂൺ നാലിന് പുതിയ ഉദയം ഉണ്ടാകും. ഇൻഡ്യ സഖ്യം സർക്കാർ രൂപീകരിക്കുമെന്ന് ഉറപ്പാണെന്നും രാഹുൽ പറഞ്ഞു.
ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാൻ വോട്ട് ചെയ്യണമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ പറഞ്ഞു. ഏകാധിപത്യം പരാജയപ്പെടുമെന്നും ജനാധിപത്യം വിജയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇൻഡ്യ സഖ്യം സർക്കാർ രൂപികരിക്കാൻ പോകുകയാണെന്നാണ് പ്രിയങ്ക ഗാന്ധി പ്രതികരിച്ചത്. ഇന്ന് തിരഞ്ഞെടുപ്പിൻ്റെ അവസാന ഘട്ടമാണ്. അനുഭവങ്ങളെ അടിസ്ഥാനമാക്കി വോട്ട് ചെയ്യണമെന്ന് ആഹ്വാനം ചെയ്ത പ്രിയങ്ക, ഭരണഘടനയ്ക്കും ജനാധിപത്യത്തിനും വോട്ട് ചെയ്യണമെന്നും ആവശ്യപ്പെട്ടു. നിങ്ങൾക്കായി മാത്രം പ്രവർത്തിക്കുന്ന ഒരു സർക്കാർ സൃഷ്ടിക്കുക. ജനങ്ങളുടെ വലിയ പങ്കാളിത്തം ഇന്ത്യയെ കൂടുതൽ ശക്തമാക്കുമെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേർത്തു.