ലോക്കോ പൈലറ്റുമാർ സമരത്തിൽ; ചരക്കുനീക്കം സ്തംഭിക്കും

തിരുവനന്തപുരം: ഡ്യൂട്ടി ക്രമീകരണങ്ങളിലെ അപാകതകൾക്കെതിരെ ലോക്കോ പൈലറ്റുമാർ ശനിയാഴ്ച മുതൽ സമരത്തിന്. ജോലി സമയം 10 മണിക്കൂറായി കുറയ്ക്കാനുള്ള റെയിൽവേയുടെ ഉത്തരവ് സ്വയം നടപ്പാക്കുന്നതിനൊപ്പം ആഴ്ചയിലെ അവധിയിലും നിലപാട് കടുപ്പിക്കും. ജോലി സമയം കുറക്കുന്നത് ചരക്കുനീക്കം തടസ്സപ്പെടുത്തുമെങ്കിൽ, പ്രതിവാര അവധി മെയിൽ-എക്സ്പ്രസ് ട്രെയിൻ സർവിസുകളെ ബാധിച്ചേക്കും. ജോലിസമയം 10 മണിക്കൂറാക്കി ഉത്തരവിറങ്ങി വർഷങ്ങൾക്ക് പിന്നട്ടിട്ടും റെയിൽവേ കണ്ണടക്കുന്ന സാഹചര്യത്തിലാണ് പ്രതിഷേധ സൂചകമായി ഡ്യൂട്ടി സമയം സ്വയം കുറവ് വരുത്തി ഓൾ ഇന്ത്യ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷൻറെ നേതൃത്വത്തിൽ സമരത്തിനിറങ്ങുന്നത്. മെയിൽ-എക്സ്പ്രസുകളിൽ ഒമ്പത് മണിക്കൂറാണ് നിലവിലെ ഡ്യൂട്ടി സമയം. എന്നാൽ ചരക്കുവണ്ടികളിൽ പത്തിന് മുകളിലാണ്. 10 മണിക്കൂർ കണക്കാക്കി ഡ്യൂട്ടി അവസാനിപ്പിക്കുന്നതോടെ ഗുഡ്സ് ട്രെയിനുകൾ വഴിയിലാകും.