സ്വർണ്ണക്കടത്ത്: എയർഹോസ്റ്റസിന് പിന്നാലെ തില്ലങ്കേരി സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ

കണ്ണൂർ : ശരീരത്തിലൊളിപ്പിച്ച് സ്വർണ്ണം കടത്താൻ ശ്രമിച്ചതിന് കൊല്‍ക്കത്ത സ്വദേശിനിയായ എയർ ഹോസ്റ്റസ് കണ്ണൂരില്‍ പിടിയിലായ കേസില്‍ കൂടുതല്‍ അറസ്റ്റ്. എയർഇന്ത്യ എക്സപ്രസിലെ സീനിയർ കാബിൻ ക്രൂ കണ്ണൂർ തില്ലങ്കേരി സ്വദേശി സുഹൈലാണ് പിടിയിലായത്. ഇന്റലിജൻസ് വിവരത്തിന്റേയും തെളിവുകളുടേയും അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് റവന്യൂ ഇന്റലിജൻസ് ഡയറക്ടറേറ്റ് അറിയിച്ചു. കഴിഞ്ഞദിവസം അറസ്റ്റിലായ കൊല്‍ക്കത്ത സ്വദേശി സുരഭി ഖത്തൂണിനെ കടത്തു സംഘത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നതില്‍ സുഹൈലിന് പങ്കുണ്ടെന്നാണ് ഡി.ആർ.ഐയുടെ കണ്ടെത്തല്‍. സുഹൈലിന് കാബിൻ ക്രൂ ആയി പത്ത് വർഷത്തെ പ്രവൃത്തി പരിചയമുണ്ട്. ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കുന്ന സുഹൈലിനായി ഡി.ആർ.ഐ. റിമാൻഡ് അപേക്ഷ നല്‍കും.
മസ്കത്തില്‍ നിന്ന് എയർഇന്ത്യ എക്സ്പ്രസിന്റെ ഐ.എക്സ് 714 വിമാനത്തില്‍ കണ്ണൂരിലെത്തിയ സുരഭി ഖത്തൂണില്‍ നിന്ന് 960 ഗ്രാം സ്വർണ്ണം കഴിഞ്ഞ ചൊവ്വാഴ്ച പിടിച്ചെടുത്തിരുന്നു. 65 ലക്ഷം രൂപയുടെ സ്വർണ്ണമാണ് പിടിച്ചെടുത്തതത്. 14 ദിവസത്തെ റിമാൻഡിലുള്ള സുരഭി നിലവില്‍ കണ്ണൂർ വനിതാ ജയിലിലാണ്. മുമ്ബ് പലതവണ സുരഭി സ്വർണ്ണം കടത്തിയതായി ഡി.ആർ.ഐക്ക് തെളിവുകള്‍ ലഭിച്ചിരുന്നു. മലദ്വാരത്തിലൊളിപ്പിച്ച് സ്വർണ്ണം കടത്തിയതിന് വിമാനജീവനക്കാർ അറസ്റ്റിലാവുന്ന ഇന്ത്യയിലെ ആദ്യത്തെ സംഭവമായിരുന്നു സുരഭിയുടെ അറസ്റ്റ്.