14-കാരിയായ മകളെ പീഡിപ്പിച്ച കേസില്‍ അച്ഛന് 14 വര്‍ഷം കഠിനതടവ്

Share our post

തിരുവനന്തപുരം: 14 വയസ്സായ മകളെ പീഡിപ്പിച്ച കേസില്‍ 48-കാരനായ അച്ഛന് 14 വര്‍ഷം കഠിനതടവും 20,000 രൂപ പിഴയും വിധിച്ച് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി. പിഴയടച്ചില്ലെങ്കില്‍ ആറ് മാസം കൂടുതല്‍ തടവ് അനുഭവിക്കണമെന്ന് ജഡ്ജി ആര്‍. രേഖ വിധിയില്‍ പറയുന്നു. 2023 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. കുട്ടിയുടെ സഹോദരനും സഹോദരിയും തമിഴ്‌നാട്ടില്‍ ആയതിനാല്‍ സംഭവസമയത്ത് വീട്ടില്‍ ആരും ഇല്ലായിരുന്നു. കുട്ടിയുടെ അമ്മ നേരത്തെ മരിച്ചു. അതിനു ശേഷമാണ് തമിഴ്‌നാട് സ്വദേശികളായ ഇവര്‍ തിരുവനന്തപുരത്ത് താമസമാക്കിയത്. പീഡനത്തോടപ്പോം പ്രതി നിരന്തരം കുട്ടിയെ മര്‍ദ്ദിച്ചിരുന്നെന്നും ഒരു തവണ കൈ തല്ലി ഓടിച്ചിട്ടുണ്ടെന്നും കുട്ടി മൊഴിനൽകി.

പീഡനം അസഹ്യമായപ്പോഴാണ് കുട്ടി കൂട്ടുകാരികളോട് വിവരം പറഞ്ഞത്. ഇവര്‍ സ്‌കൂള്‍ അധ്യാപികയെ അറിയിക്കുകയും അധ്യാപകര്‍ പേരൂര്‍ക്കട സ്റ്റേഷനില്‍ പരാതി കൊടുക്കുകയും ചെയ്തു. കുട്ടിയുടെ ചേച്ചിയും പ്രതിക്കെതിരെ മൊഴി നൽകി. സംഭവത്തിന് ശേഷം പഠനം മുടങ്ങിയ കുട്ടി തമിഴ്‌നാട്ടിലേയ്ക്ക് പോയി. സംരക്ഷകനായ അച്ഛന്‍തന്നെ പീഡിപ്പിച്ച ക്രൂരതയ്ക്ക് യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്ന് കോടതി വിധിയില്‍ പറയുന്നു. കുട്ടിയുടെ നിസ്സഹായവസ്ഥ പ്രതി ചൂഷണം ചെയ്യുകയായിരുന്നെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍.എസ്. വിജയ് മോഹന്‍, അഡ്വക്കേറ്റ് അഖിലേശ് ആര്‍.വൈ എന്നിവര്‍ ഹാജരായി. പേരൂര്‍ക്കട പോലീസ് സ്റ്റേഷന്‍ എസ്‌.ഐ വൈശാഖ് കൃഷ്ണന്‍ ആണ് കേസ് അന്വേഷിച്ചത്. പത്തൊന്‍പത് സാക്ഷികളെ വിസ്തരിച്ചു. ഇരുപതിനാല് രേഖകളും രണ്ട് തൊണ്ടിമുതലും ഹാജരാക്കി. കുട്ടിക്ക് ലീഗല്‍ സര്‍വീസ് അതോറിറ്റി മുഖേന നഷ്ടപരിഹാരം നല്‍ക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!