ഡ്രൈവിങ്ങ് ലൈസന്‍സ് ടെസ്റ്റിന് ഇനി മുതല്‍ അംഗീകൃത പരിശീലകന്‍ നിര്‍ബന്ധം

Share our post

തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റിന് അംഗീകൃത പരിശീലകരുടെ സാന്നിധ്യം ശനിയാഴ്ച മുതല്‍ നിര്‍ബന്ധമാക്കി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ഉത്തരവിറക്കി. പഠിതാക്കളെ ടെസ്റ്റിനെത്തിക്കേണ്ടത് അതത് സ്‌കൂളുകളുടെ അംഗീകൃത പരിശീലകന്‍ നേരിട്ടായിരിക്കണം. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ഇവര്‍ രജിസ്റ്ററില്‍ ഒപ്പിടണം.ഒരു അംഗീകൃത പരിശീലകന്‍ ഒന്നിലധികം സ്‌കൂളുകളുടെ ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നത് തടയിടാന്‍ സ്‌കൂള്‍ രജിസ്റ്ററുകള്‍ ഒത്തുനോക്കും. ഡ്രൈവിങ് സ്‌കൂളുകളില്‍ പ്രവേശനരജിസ്റ്റര്‍ (ഫോം 14), തിയറി ക്ലാസുകളുടെ ഹാജര്‍ (ഫോം 15), എന്നിവ നിര്‍ബന്ധമാണ്. ഇതില്‍ പഠിതാക്കളും പരിശീലകനും അതത് ദിവസങ്ങളില്‍ ഒപ്പിടണം.

ഒരു സ്‌കൂളില്‍ പഠിച്ചയാളെ മറ്റൊരു സ്‌കൂളിലെ പരിശീലകന്റെ പേരില്‍ ടെസ്റ്റിന് ഹാജരാക്കിയാല്‍ രജിസ്റ്റര്‍ പരിശോധിച്ച് കണ്ടെത്താനാകും. തിരിമറികാട്ടുന്ന സ്‌കൂളുകള്‍ക്കെതിരേ കര്‍ശനനടപടിക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുടെ സഹായമില്ലാതെ ഇത്തരം ക്രമക്കേട് നടക്കില്ല. ഇത്തരം ഉദ്യോഗസ്ഥരെ കുടുക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ സ്‌ക്വാഡിനെ നിയോഗിച്ചിട്ടുണ്ട്. അതേസമയം ഡ്രൈവിങ് സ്‌കൂളില്‍ പഠിച്ചവര്‍ക്ക് വേണമെങ്കില്‍ സ്വന്തം വാഹനത്തില്‍ ടെസ്റ്റില്‍ പങ്കെടുക്കാനാകും. ഇതിന് അംഗീകൃത പരിശീലകന്‍ സ്ഥലത്ത് ഉണ്ടാകേണ്ടതില്ല.ആര്‍ക്കും സ്വന്തംവാഹനത്തില്‍ ഡ്രൈവിങ് ടെസ്റ്റില്‍ പങ്കെടുക്കാമെന്നാണ് വ്യവസ്ഥ. അംഗീകൃത പരിശീലകര്‍ രേഖകളില്‍മാത്രമുള്ള സ്‌കൂളുകള്‍ ശനിയാഴ്ചമുതല്‍ ടെസ്റ്റില്‍നിന്ന് മാറിനില്‍ക്കാന്‍ സാധ്യതയുണ്ട്. ഇത്തരം സാഹചര്യത്തില്‍ വ്യക്തികള്‍ക്ക് സ്വന്തം വാഹനവുമായി ടെസ്റ്റില്‍ പങ്കെടുക്കാം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!