കേരളത്തില്‍ ഉള്‍പ്പടെ ആറുമാസത്തിനുള്ളില്‍ 5ജി ആകാനൊരുങ്ങി ‘വി’

Share our post

കൊച്ചി: ആറ് മാസത്തിനുള്ളില്‍ കേരളമുള്‍പ്പെടെയുള്ള പ്രധാന വിപണികളില്‍ 5ജി സേവനം നല്‍കാനൊരുങ്ങി (വി) വോഡഫോണ്‍ ഐഡിയ. ട്രായ് ഡാറ്റ പ്രകാരം സംസ്ഥാനത്ത് 38 ശതമാനത്തിലേറെ ഉപഭോക്താക്കള്‍ തങ്ങള്‍ക്കുണ്ടെന്നാണ് വി അവകാശപ്പെടുന്നത്. ഏറ്റവും വലുതും ദീര്‍ഘകാലമായി തുടരുന്ന മുന്‍ഗണനാ വിപണികളില്‍ ഒന്നാണ് കേരളമെന്നും 1.37 കോടിയിലേറെ ഉപഭോക്താക്കളുമായി സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് തങ്ങളാണ് സേവനം നല്‍കുന്നതെന്നും വോഡഫോണ്‍ ഐഡിയ സിഒഒ അഭിജിത്ത് കിഷോര്‍ പറഞ്ഞു. സംസ്ഥാനത്തെ ഏറ്റവും വലിയ 4ജി സ്‌പെക്ട്രം വിയുടേതാണെന്ന് കമ്പനി അവകാശപ്പെടുന്നു. കേരള ജനസംഖ്യയുടെ 98 ശതമാനത്തെ വിയുടെ 4ജി ശൃംഖല ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുന്‍നിര ടെലികോം സേവനദാതാവായ വി ഫോളോ-ഓണ്‍ പബ്ലിക് ഓഫറിങ് (എഫ്പിഒ) വഴി 18000 കോടി രൂപ വിജയകരമായി സമാഹരിച്ച ശേഷം കേരളത്തോടുള്ള പ്രതിബദ്ധത വീണ്ടും ഉറപ്പിച്ചുകൊണ്ട് മുന്നോട്ടു പോകുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഉപഭോക്താക്കള്‍ മെച്ചപ്പെട്ട സെലക്ഷനുകളാണ് ആവശ്യപ്പെടുന്നത്.

പരിധിയില്ലാത്ത കോളുകള്‍, ഉപയോഗിക്കാത്ത ഡാറ്റ പിന്നീടത്തേക്കു മാറ്റിവെക്കുക, ഡാറ്റ സ്ട്രീമിങ് ആനുകൂല്യങ്ങള്‍, സൗജന്യ ഒടിടി സബ്‌സ്‌ക്രിപ്ഷന്‍ ഉള്‍പ്പടെയുള്ളവയുമായി തങ്ങളുടെ പദ്ധതികള്‍ അവര്‍ക്കു ലഭ്യമാക്കും, ഇതിനു പുറമെ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ആനുകൂല്യങ്ങള്‍ തെരഞ്ഞെടുക്കാനാവുന്ന വിധത്തില്‍ ‘ചൂസ് യുവര്‍ ബെനഫിറ്റ്‌സ്’ എന്ന സൗകര്യവും അവതരിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.5ജി സ്മാര്‍ട്ട് ഫോണ്‍ ഉള്ളവര്‍ക്കും അടുത്തിടെ 4ജിയിലേക്ക് അപ്‌ഗ്രേഡു ചെയ്തവര്‍ക്കും തടസങ്ങളില്ലാത്ത അതിവേഗ ഡാറ്റാ ലഭ്യമാക്കുന്നതാണ് വി ഗ്യാരണ്ടി പദ്ധതി. ഇവര്‍ക്ക് ഒരു വര്‍ഷ കാലയളവില്‍ 130 ജിബി അധിക ഡാറ്റ ലഭ്യമാകും. ഓരോ 28 ദിവസത്തേയും സൈക്കിളുകളില്‍ തുടര്‍ച്ചയായി 13 തവണ 10 ജിബി ഡാറ്റ വീതം അവരുടെ അക്കൗണ്ടിലേക്ക് ഓട്ടോമാറ്റിക് ആയി ലഭ്യമാക്കും. നിലവിലുള്ള ഡാറ്റാ ക്വാട്ട ഉപയോഗിച്ചു കഴിഞ്ഞ ശേഷം ഈ അധിക ഡാറ്റ പ്രയോജനപ്പെടുത്താം. ഈ അധിക ഡാറ്റാ ആനുകൂല്യം പ്രയോജനപ്പെടുത്താന്‍ വി ഉപഭോക്താക്കള്‍ 239 രൂപയുടേയോ മുകളിലേക്കുള്ളതോ ആയ പ്രതിദിന അണ്‍ലിമിറ്റഡ് പദ്ധതികളില്‍ ഉണ്ടായിരിക്കണം. തങ്ങളുടെ ഉപഭോക്താക്കളെ സന്തോഷത്തോടെ നിലനിര്‍ത്തുന്നതിനുള്ള ശ്രമം തുടരുമെന്നും ഏറ്റവും മികച്ച സേവന നിലവാരം ലഭ്യമാക്കുന്നതും പുതുമയുള്ള സേവനങ്ങള്‍ നല്‍കുന്നതിലും മികച്ച ഉപഭോക്തൃ പിന്തുണ ലഭ്യമാക്കുന്നതിലും ആയിരിക്കും തങ്ങള്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ ചെലുത്തുകയെന്നും അഭിജിത്ത് കിഷോര്‍ പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!