കെ.എസ്.ആര്‍.ടി.സി-യിലെ വിദ്യാര്‍ഥികള്‍ക്കുള്ള കണ്‍സെഷന് സ്‌കൂളില്‍ നിന്ന് പണമടക്കാം

Share our post

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി വിദ്യാര്‍ഥി യാത്രാ ആനുകൂല്യത്തിന് വിദ്യാലയങ്ങള്‍ വഴി ഓണ്‍ലൈനായി പണമടയ്ക്കാം. കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നേരിട്ട് എത്തേണ്ടതില്ല. കണ്‍സെഷന്‍ കാര്‍ഡ് വിദ്യാലയങ്ങളില്‍ വിതരണം ചെയ്യുന്ന വിധത്തില്‍ സംവിധാനം പരിഷ്‌കരിച്ചു. അംഗീകാരമുള്ള സ്ഥാപനങ്ങളെല്ലാം കെ.എസ്. ആര്‍.ടി.സിയുടെ വെബ്സൈറ്റില്‍ രജിസ്ട്രര്‍ ചെയ്യണം. വിദ്യാലയങ്ങള്‍ നല്‍കുന്ന പട്ടിക കെ.എസ്.ആര്‍.ടി.സി ഉദ്യോഗസ്ഥര്‍ പരിശോധിച്ച് കണ്‍സെഷന് അംഗീകാരം നല്‍കും.

ഈ പട്ടികയില്‍പെട്ടവര്‍ക്ക് വിദ്യാലയങ്ങള്‍ വഴി ഓണ്‍ലൈനായി പണം അടയ്ക്കാം. ഭാവിയില്‍ കണ്‍സെഷന്‍ കാര്‍ഡുകള്‍ ആര്‍.എഫ്.ഐ.ഡി സംവിധാനത്തിലേക്ക് മാറും. അക്കാദമിക് കലണ്ടര്‍ അനുസരിച്ച് മാത്രമേ യാത്രാസൗജന്യം ലഭിക്കുകയുള്ളൂ. ഒരോ സ്ഥാപനങ്ങളും അവരുടെ അധ്യയന ദിനങ്ങളുടെ വിവരങ്ങള്‍ നല്‍കണം. ഇത് അനുസരിച്ച് മാത്രമേ ആനുകൂല്യം ലഭിക്കുകയുള്ളൂ. യാത്രാ ആനുകൂല്യം സംബന്ധിച്ചുള്ള തര്‍ക്കം ഒഴിവാക്കാനാകും.

വിദ്യാര്‍ഥികള്‍ ചെയ്യേണ്ടത്

https://www.concessionskrtc.com എന്ന വെബ്സൈറ്റില്‍ School Student Regitsration/College student regitsration എന്ന ടാബില്‍ രേഖകള്‍ അപ്ലോഡ് ചെയ്യണം. സ്‌കൂള്‍- കോളേജ് തിരിച്ചറിയില്‍ കാര്‍ഡ്, ആധാര്‍ പകര്‍പ്പ്, റേഷന്‍ കാര്‍ഡ്, സ്വകാര്യ, സ്വാശ്രയ, കോളേജുകളില്‍ പഠിക്കുന്നവര്‍ ദാരിദ്ര രേഖയ്ക്ക് മുകളിലാണെങ്കില്‍ മാതാപിതാക്കള്‍ ആദായ നികുതി അടയ്ക്കുന്നില്ലെന്ന സത്യവാങ്മൂലം, പാന്‍ കാര്‍ഡിന്റെ പകര്‍പ്പ്, പ്ലസ്ടുവിന് മുകളിലുള്ളവര്‍ കോഴ്സ് സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് നല്‍കേണ്ടത്.

രജിസ്ട്രേഷന്‍ പൂര്‍ത്തിയാകുമ്പോള്‍ മൊബൈല്‍ നമ്പരില്‍ സന്ദേശം ലഭിക്കും. ഡിപ്പോയിലെ പരിശോധനയ്ക്ക് ശേഷം കണ്‍സെഷന് അംഗീകാരം ലഭിക്കും. ഇത് സംബന്ധിച്ച് മൊബൈലില്‍ സന്ദേശം കിട്ടിയശേഷം സ്‌കൂള്‍വഴി ഓണ്‍ലൈനില്‍ കണ്‍സെഷന്‍തുക അടയ്ക്കാം.

സ്ഥാപനങ്ങളുടെ രജിസ്ട്രേഷന്‍

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജൂണ്‍ രണ്ടിന് മുമ്പ് https://www.concessionskrtc.com എന്ന വെബ്സൈറ്റില്‍ School Regitsration/College regitsration ല്‍ വിവരങ്ങള്‍ നല്‍കണം. സ്ഥാപനത്തിന്റെയും കോഴ്സുകളുടെയും അംഗീകാരപത്രം ഹാജരാക്കണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!