പേരാവൂരിൽ കിണർ നിർമാണത്തിനിടെ കിണറ്റിൽ വീണ് തൊഴിലാളിക്ക് പരിക്ക്

പേരാവൂർ: കിണർ നിർമാണത്തിനിടെയുണ്ടായ മണ്ണിടിച്ചിലിൽ കിണറ്റിൽ വീണ് നിർമാണത്തൊഴിലാളിക്ക് പരിക്ക്. കൂത്തുപറമ്പ് നീർവേലി സ്വദേശി മടത്തിങ്കര രാജനാണ് (49) പരിക്കേറ്റത്. വ്യാഴാഴ്ച ഉച്ചക്ക് രണ്ടോടെയാണ് അപകടം. പേരാവൂർ കാഞ്ഞിരപ്പുഴയിലെ പടിക്കൽ ദാസന്റെ വീട്ടുകിണർ കെട്ടുന്നതിനിടെയുണ്ടായ കനത്ത മഴയിൽ മണ്ണിടിഞ്ഞാണ് രാജൻ കല്ല് സഹിതം കിണറ്റിൽ വീണത്. തലക്കും കാലിനും പരിക്കേറ്റ രാജനെ പേരാവൂരിലെ സ്വകാര്യാസ്പത്രിയിൽ പ്രവേശിപ്പിച്ചു.ദാസന്റെ വീട്ടു മതിൽ കഴിഞ്ഞ ദിവസത്തെ മഴയിൽ തകർന്ന് വീണ് വീടും കിണറും അപകടവാസ്ഥയിലായിരുന്നു. ഈ കിണർ കെട്ടുന്നതിനിടെയാണ് വീണ്ടും മഴയിൽ അപകടമുണ്ടായത്.