ജില്ലയിലെ മഞ്ഞപ്പിത്തം വ്യാപനം: ആരോഗ്യ വകുപ്പ് പഠനം തുടങ്ങി

Share our post

കണ്ണൂർ: ജില്ലയിലെ വിവിധ ഭാഗങ്ങളിലായി മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് നേതൃത്വത്തിൽ വിദഗ്ധ സംഘം പഠനം ആരംഭിച്ചു.ഈ വർഷം തൃപ്രങ്ങോട്ടൂർ, മാലൂർ, മേക്കുന്ന്, പരിയാരം, ചപ്പാരപ്പടവ് എന്നീ പ്രദേശങ്ങളിലാണ് മഞ്ഞപ്പിത്തം പകർച്ചവ്യാധി രൂപത്തിൽ പ്രത്യക്ഷപ്പെട്ടത്. ഇതോടൊപ്പം തന്നെ ഒറ്റപ്പെട്ട കേസുകളും ഉണ്ടായി. 150ലധികം മഞ്ഞപ്പിത്ത കേസുകൾ ഈ വർഷം ജില്ലയിലുണ്ടായി. രണ്ട് വർഷത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് ഏതാണ്ട് ഇരട്ടിയോളം വരും. ഈ വർഷം ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

മഞ്ഞപ്പിത്തത്തിന്റെ തോത് വളരെയധികം വർധിക്കുന്ന സാഹചര്യത്തിലാണ് വിശദമായ പഠനം ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ചതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പീയുഷ് എം നമ്പൂതിരിപ്പാട് അറിയിച്ചു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ സി സച്ചിൻ, ടെക്നിക്കൽ അസി. സി ജെ ചാക്കോ, ജില്ലാ എ.പി ഡമിയോളജിസ്റ്റ് ജി. എസ് അഭിഷേക് എന്നിവരും കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ. എ.കെ ജയശ്രീ, ഡോ. പ്രസീദ എന്നിവരും അടങ്ങുന്ന സംയുക്ത സംഘമാണ് പഠനം നടത്തുന്നത്. ഇതിന്റെ ആദ്യപടിയായി സംഘം ബുധനാഴ്ച മാലൂർ പ്രദേശത്ത് സന്ദർശനം നടത്തി വിവര ശേഖരണം ആരംഭിച്ചു. വരും ദിവസങ്ങളിൽ സംഘം പഠനം നടത്തും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!