കുടുംബശ്രീ സംസ്ഥാന കലോത്സവം: രജിസ്ട്രേഷൻ പോർട്ടൽ തുറന്നു, ഓൺലൈൻ രജിസ്‌ട്രേഷൻ ആദ്യം

തിരുവനന്തപുരം : കുടുംബശ്രീ സംസ്ഥാന കലോത്സവം “അരങ്ങ് -2024” ൽ പങ്കെടുക്കാൻ മത്സരാർഥികൾക്കുള്ള രജിസ്ട്രേഷൻ പോർട്ടൽ തുറന്നു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ ജാഫർ മാലിക് പോർട്ടൽ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. സംസ്ഥാന കലോത്സവത്തിന് യോഗ്യത നേടിയ വ്യക്തിഗത ഗ്രൂപ്പ് അംഗങ്ങളുടെ രജിസ്ട്രേഷൻ ജൂൺ ഒന്നിന് പൂർത്തിയാക്കും. അതത് ജില്ലയ്‌ക്കാണ് ചുമതല. രജിസ്റ്റർ ചെയ്ത അംഗങ്ങളുടെ അയൽക്കൂട്ട അംഗത്വം സംബന്ധിച്ച പരിശോധനകൾ മൂന്നിനകം പൂർത്തിയാക്കും.
ഇതാദ്യമായാണ് കുടുംബശ്രീ കലോത്സവത്തിൽ രജിസ്‌ട്രേഷൻ ഓൺലൈനിൽ നടക്കുന്നത്. സ്റ്റേജ്, സ്റ്റേജിതര ഇനങ്ങളിലായി അമ്പതോളം ഇനങ്ങളിലാണ് മത്സരങ്ങൾ. അയൽക്കൂട്ടങ്ങളിലെയും ഓക്സിലറി ഗ്രൂപ്പുകളിലെയും അംഗങ്ങളായ മൂവായിരത്തോളം വനിതകളാണ് കാസർകോട്ട് നടക്കുന്ന കലോത്സവത്തിൽ പങ്കെടുക്കുക. ജില്ലാതല കലോത്സവങ്ങൾ 31നകം പൂർത്തിയാകും. കഴിഞ്ഞ വർഷം തൃശൂരിൽ സംഘടിപ്പിച്ച അരങ്ങ്- സംസ്ഥാന കലോത്സവത്തിൽ കാസർകോട് ജില്ലയാണ് കിരീടം നേടിയത്.