നെല്‍ക്കര്‍ഷകര്‍ക്കുള്ള പലിശരഹിത വായ്പ; സഹകരണ ബാങ്കുകൾക്ക് വിമുഖത

Share our post

കണ്ണൂര്‍: നെല്‍ക്കൃഷി വികസനം ലക്ഷ്യമാക്കി സംസ്ഥാനസര്‍ക്കാര്‍ ആവിഷ്‌കരിച്ച പലിശരഹിത വായ്പ നല്‍കാന്‍ സഹകരണ ബാങ്കുകള്‍ക്ക് വിമുഖത. നെല്‍ക്കര്‍ഷകന് 50,000 രൂപ ആറുമാസത്തേക്ക് നല്‍കുന്ന വായ്പാപദ്ധതിയാണിത്. പ്രാഥമിക സഹകരണ ബാങ്കുകള്‍ മുഖേനയാണ് നടപ്പാക്കുന്നത്. ചില ബാങ്കുകള്‍ അപൂര്‍വം കര്‍ഷകര്‍ക്ക് നല്‍കുന്നുണ്ട്. എന്നാല്‍, ചിലത് ആര്‍ക്കും നല്‍കിയിട്ടില്ല. കര്‍ഷകര്‍ക്ക് പലിശയില്ലാത്ത വായ്പയാണെങ്കിലും ബാങ്കുകള്‍ക്ക് ആറുശതമാനം പലിശ ലഭിക്കുന്നുണ്ട്. ഉത്തേജകപലിശ എന്ന നിലയില്‍ മൂന്നുശതമാനം സംസ്ഥാനസര്‍ക്കാരും മൂന്നുശതമാനം നബാര്‍ഡ് മുഖേന കേന്ദ്രസര്‍ക്കാരുമാണ് നല്‍കുന്നത്. മൂന്നുവര്‍ഷം മുന്‍പ് ഏഴുശതമാനമായിരുന്നു.

പണമില്ലാത്തത് കാരണം കൃഷിയിറക്കാന്‍ കഴിയാത്തവരെ സഹായിക്കാന്‍ ആവിഷ്‌കരിച്ച പദ്ധതിയെപ്പറ്റി പലര്‍ക്കും അറിയില്ല. ലാഭമില്ലാത്ത വായ്പയായതിനാല്‍ ബാങ്കുകള്‍ക്കും താത്പര്യമില്ല. മറ്റ് കൃഷിയില്‍ നിന്ന് വ്യത്യസ്തമായി നെല്‍ക്കൃഷി കൃത്യസമയത്ത് ചെയ്യണം. പണമില്ലാത്തതിനാല്‍ പലര്‍ക്കും ഇത് സാധിക്കുന്നില്ല. നെല്‍ക്കൃഷി സംരക്ഷിക്കുന്നത് സംബന്ധിച്ച് പഠിച്ച പല കമ്മിഷന്റെയും ശുപാര്‍ശപ്രകാരമാണ് ഈ വായ്പാപദ്ധതി ആവിഷ്‌കരിച്ചത്.

വ്യക്തമായ മാനദണ്ഡങ്ങളും നിര്‍ദേശിച്ചിട്ടുണ്ട്. നെല്‍ക്കൃഷിക്ക് മാത്രമാണ് ഈ വായ്പ ഉപയോഗിക്കുകയെന്ന് വില്ലേജ് ഓഫീസറും കൃഷി ഓഫീസറും സാക്ഷ്യപ്പെടുത്തണം. സര്‍ക്കാരില്‍ നിന്നും നബാര്‍ഡില്‍ നിന്നും ഇതിന്റെ പലിശ ലഭിക്കുന്നത് വര്‍ഷങ്ങള്‍ക്കുശേഷമാണ്. വന്‍തുക നഷ്ടപ്പെടുന്നതുകൊണ്ടാണ് ഈ വായ്പ നല്‍കാന്‍ മടിക്കുന്നതെന്ന് ബാങ്ക് അധികൃതര്‍ പറയുന്നു. നബാര്‍ഡില്‍ നിന്ന് 2020-21 വര്‍ഷത്തിലെ തുക മാത്രമേ ലഭിച്ചുള്ളു. സംസ്ഥാനസര്‍ക്കാരില്‍നിന്ന് അവസാനമായി ലഭിച്ചത് 2013-14 വര്‍ഷത്തിലാണെന്നും ഒരു ബാങ്ക് സെക്രട്ടറി പറഞ്ഞു. ഈ തുക വ്യക്തിഗത വായ്പയായി നല്‍കിയാല്‍ 12 ശതമാനംവരെ പലിശ ലഭിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. മൂന്നുവര്‍ഷം മുന്‍പ് 50,000 രൂപ പലിശരഹിത വായ്പ ലഭിച്ചിരുന്നെങ്കിലും പിന്നീട് കിട്ടിയിട്ടില്ലെന്ന് കണ്ണൂര്‍ കണ്ടക്കൈ പെരുവങ്ങൂരിലെ ഒരു കര്‍ഷകന്‍ പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!