നഴ്‌സിങ് പ്രവേശനം; ഏകജാലക രീതി തുടരും

തിരുവനന്തപുരം : സംസ്ഥാനത്തെ സ്വകാര്യ നഴ്‌സിങ് കോളേജുകളിലെ മാനേജ്‌മെന്റ് സീറ്റിലേക്കുള്ള പ്രവേശനം ഏകീകൃത ഏകജാലക സംവിധാനത്തിൽ തുടരാൻ ചൊവ്വാഴ്ച ചേർന്ന പ്രൈവറ്റ് നഴ്‌സിങ് കോളേജ് മാനേജ്‌മെന്റ് അസോസിയേഷൻ ഓഫ് കേരളയുടെ (പി.എൻ.സി.എം.എ.കെ) ജനറൽ ബോഡി തീരുമാനിച്ചു. പി.എൻ.സി.എം.എ.കെ.ക്ക് കീഴിൽ 50 സ്വാശ്രയ നഴ്‌സിങ് കോളേജുണ്ട്. ഏകജാലക സംവിധാനം ഒഴിവാക്കി ഓരോ കോളേജും പ്രത്യേകം അപേക്ഷ സ്വീകരിക്കുന്ന രീതിയിൽ മാറ്റംവരുത്താൻ നേരത്തേ അസോസിയേഷൻ തീരുമാനിച്ചിരുന്നു. ഈ രീതി നടപ്പായെങ്കിൽ ഓരോ കോളേജിലെ അപേക്ഷക്കും 1000 രൂപവീതം ഫീസ് അടയ്‌ക്കേണ്ടിവന്നേനെ. ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ചർച്ച അനുകൂലമായതോടെയാണ് പുതിയ തീരുമാനം.
നഴ്സിങ് ഫീസുകളിൽ ജി.എസ്.ടി ഒഴിവാക്കാമെന്നും കോളേജുകൾക്ക് നഴ്സിങ് കൗൺസിൽ പരിശോധനയില്ലാതെ അഫിലിയേഷൻ നൽകുമെന്നും മന്ത്രി ഉറപ്പുനൽകിയിരുന്നു. ന്യായമായ ആവശ്യം നടപ്പാകുമെന്ന് ഉറപ്പ് ലഭിച്ചതാണ് വിദ്യാർഥികൾക്ക് അനുകൂല തീരുമാനമെടുക്കാൻ സംഘടനയെ പ്രേരിപ്പിച്ചത്. 32 കോളേജുകളുള്ള ക്രിസ്ത്യൻ മാനേജ്‌മെന്റുകളും ഏകജാലക രീതി തുടരാനാണ് സാധ്യത. ഇവയ്ക്ക് പ്രത്യേക സംഘടനയാണ്.