കേരള പൊലീസിലേക്ക് 461 ഉദ്യോഗസ്ഥര്‍ കൂടി; പാസിംഗ് ഔട്ട് പരേഡിൽ മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിച്ചു

Share our post

തിരുവനന്തപുരം: സ്പെഷ്യല്‍ ആംഡ് പോലീസ്, കെ.എ.പി മൂന്നാം ബറ്റാലിയന്‍ എന്നിവിടങ്ങളില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 461 പൊലീസ് ഉദ്യോഗസ്ഥര്‍ സത്യപ്രതിജ്ഞ ഏറ്റുചൊല്ലി സേനയുടെ ഭാഗമായി. തിരുവനന്തപുരത്ത് പേരൂര്‍ക്കട എസ്.എ.പി ഗ്രൗണ്ടില്‍ നടന്ന പാസിംഗ് ഔട്ട് പരേഡില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിവാദ്യം സ്വീകരിച്ചു. സംസ്ഥാന പോലീസ് മേധാവി ഡോ. ഷേയ്ഖ് ദര്‍വേഷ് സാഹിബ് ഉൾപ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഒൻപതുമാസത്തെ പരിശീലനം പൂര്‍ത്തിയാക്കിയാണ് സേനാംഗങ്ങള്‍ പാസിംഗ് ഔട്ട് പരേഡില്‍ പങ്കെടുക്കുന്നത്. ശാരീരികക്ഷമത പരിശീലനം, ആയുധപരിശീലനം എന്നിവ കൂടാതെ യോഗ, കരാട്ടെ, നീന്തല്‍ എന്നിവയിലും വിവിഐപി സെക്യൂരിറ്റി, സോഷ്യല്‍ മീഡിയ, സൈബര്‍ ക്രൈം എന്നിവയിലും ഇവര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. ഫോറന്‍സിക് സയന്‍സ്, ഫോറന്‍സിക് മെഡിസിന്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള കുറ്റകൃത്യങ്ങള്‍, പരിസ്ഥിതിക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ എന്നിവ സംബന്ധിച്ചും ഇവര്‍ക്ക് പരിശീലനം നല്‍കി. എസ്.എ.പി യില്‍ പരിശീലനം പൂര്‍ത്തിയാക്കിയവരില്‍ മികച്ച ആള്‍റൗണ്ടറായി തെരഞ്ഞെടുക്കപ്പെട്ടത് എസ്. രതീഷ് ആണ്. മികച്ച ഔട്ട്ഡോര്‍ ആയി എസ്. ജി. നവീനും ഇന്‍ഡോര്‍ ആയി ബി.ജെ അഭിജിത്തും ഷൂട്ടറായി രാജ് രാജേഷും തെരഞ്ഞെടുക്കപ്പെട്ടു.

കെ.എ.പി മൂന്നാം ബറ്റാലിയനില്‍ പരിശീലനം നേടിയവരില്‍ മികച്ച ആള്‍റൗണ്ടറായത് അനന്തു സാനുവാണ്. മികച്ച ഔട്ട്ഡോര്‍ ആയി സച്ചിന്‍ സജീവും ഇന്‍ഡോര്‍ ആയി ജി.അനീഷും ഷൂട്ടറായി ആര്‍.സച്ചിനും തിരഞ്ഞെടുക്കപ്പെട്ടു. ഇവര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ട്രോഫികള്‍ സമ്മാനിച്ചു. എസ്.എ.പി ബറ്റാലിയനില്‍ പരിശീലനം നേടിയവരില്‍ ഒരാള്‍ എം.ടെക് ബിരുദധാരിയും 30 പേര്‍ ബി.ടെക് ബിരുദധാരികളുമാണ്. 15 ബിരുദാനന്തര ബിരുദധാരികളും 80 ബിരുദധാരികളും ഈ ബാച്ചില്‍ ഉണ്ട്. എം.ബി.എ, ബി.ബി.എ ബിരുദങ്ങളുള്ള രണ്ടുപേര്‍ വീതം ഈ ബാച്ചില്‍ ഉണ്ട്. കെ.എ.പി മൂന്നാം ബറ്റാലിയനില്‍ പരിശീലനം പൂര്‍ത്തിയാക്കിയവരില്‍ നാലുപേര്‍ എം.ടെക് ബിരുദധാരികളും 35 പേര്‍ എന്‍ജിനീയറിങ് ബിരുദധാരികളുമാണ്. പി.ജി യോഗ്യതയുള്ള 23 പേരും ഡിഗ്രി യോഗ്യതയുള്ള 144 പേരും എം.ബി.എ ബിരുദമുള്ള അഞ്ചുപേരും ഈ ബാച്ചില്‍ ഉണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!