30 വർഷം മുൻപ് മരിച്ച പെൺകുട്ടിക്ക്‌ വരൻ ഒത്തു; ആത്മാക്കളുടെ വിവാഹം ഒരുങ്ങുന്നു

Share our post

കാസർകോട്‌ : കഴിഞ്ഞയാഴ്‌ച കർണാടക പുത്തൂരിൽ ഇറങ്ങിയ കന്നഡ പത്രത്തിലെ പരസ്യം കണ്ട്‌ നാട്ടുകാർ അമ്പരന്നു. 30 വർഷം മുൻപ് മരിച്ച പെൺകുട്ടിക്ക്‌ വരൻ വേണമെന്ന്‌! കുലവും ജാതിയും സമാനമായ, 30 വർഷം മുൻപ് മരിച്ച യുവാവിന്റെ കുടുംബത്തിൽ നിന്ന്‌ അനുയോജ്യമായ ആലോചന ക്ഷണിക്കുന്നുവെന്നായിരുന്നു പരസ്യം.

ട്രോളാൻ വരട്ടെ, സംഗതി തുളുനാട്ടിലെ ഒരാചാരമാണ്‌. ‘പ്രേത മദുവെ’ അഥവാ ആത്മാക്കളുടെ വിവാഹം എന്ന ആചാരം മംഗളൂരു, പുത്തൂർ, കാസർകോട്‌ അതിർത്തി പ്രദേശങ്ങളിൽ അത്ര അപരിചിതമല്ല. അതിനായി പത്രപ്പരസ്യം കൊടുത്തത്‌ ഇതാദ്യമാണ്‌. കഴിഞ്ഞ 12ന്‌ നൽകിയ പരസ്യത്തിൽ അമ്പതോളം ആലോചന വന്നു. മഞ്ചേശ്വരത്തിനടുത്ത ബായാറിൽ നിന്ന്‌ ചെക്കനും സെറ്റായി. ബായാറിലെ വീട്ടുകാർ പെൺവീട്‌ സന്ദർശിച്ചു. പെൺവീട്ടുകാർ ഞായറാഴ്‌ച വരന്റെ വീട്ടിലെത്തി കല്യാണ നിശ്‌ചയവും നടത്തി. തുളു ആടി മാസത്തിൽ (ആഗസ്‌ത്‌) കല്യാണവും തീരുമാനിച്ചു.

പുത്തൂരിലെ കുലാല ജാതിയിൽപെട്ട കുടുംബമാണ്‌ പരസ്യം നൽകിയത്‌. കുടുംബത്തിൽ തുടർച്ചയായി കഷ്ടപ്പാടുകളുണ്ടായപ്പോൾ പരിഹാരം തേടിയതാണ്‌. 30 വർഷം മുൻപ് മരിച്ച പെൺകുട്ടിയാണത്രെ ഇപ്പോൾ കുടുംബത്തിന്റെ ‘സമാധാനം’ കെടുത്തുന്നത്‌. പരിഹാരമായി വിവാഹം നടത്തണം. നാട്ടിൽ അന്വേഷിച്ചപ്പോൾ 30 വർഷം മുൻപ് മരിച്ച വരനില്ല. തുടർന്നാണ്‌ ദക്ഷിണ കർണാടകത്തിൽ നല്ല വായനക്കാരുള്ള സായാഹ്‌ന പത്രത്തിൽ പരസ്യം കൊടുത്തത്‌. വാർത്താ ചാനലുകളും മറ്റും ‘വധുവിന്റെ’ വീട്ടുകാരെ തേടിയെത്തി. മരിച്ച വധു വൈറലുമായി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!