ശാസ്ത്രീയ മാലിന്യ പരിപാലനം: അവബോധം ഊര്‍ജ്ജിതമാക്കാന്‍ ഓണ്‍ലൈന്‍ കോഴ്സ്

Share our post

തിരുവനന്തപുരം: മാലിന്യമുക്തം നവകേരളം പ്രചരണം ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്‍റെ ഭാഗമായി കിലയുടെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈന്‍ കോഴ്സ് ആരംഭിച്ചു. സംസ്ഥാനത്തെ ഖരമാലിന്യ പരിപാലന സംവിധാനങ്ങളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങളിലേക്കും പ്രചരണത്തില്‍ പങ്കാളിയാകാന്‍ താത്പര്യമുള്ള സന്നദ്ധ പ്രവര്‍ത്തകരിലേക്കും എത്തിക്കുന്നതിനാണ് കിലയുടെ ഇ-കോഴ്സസ് പോര്‍ട്ടല്‍ വഴി പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.ശാസ്ത്രീയമായ മാലിന്യ പരിപാലനം എങ്ങനെ നടപ്പാക്കാമെന്നും അതില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെന്നും ഇതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ ചെയ്താല്‍ നേരിടേണ്ടി വരുന്ന നടപടികള്‍ എന്തെന്നും കോഴ്സില്‍ മനസിലാക്കാം. വീഡിയോയും ക്വിസ്സും ഉള്‍പ്പെടുത്തിയിരിക്കുന്ന കോഴ്സ് തീര്‍ത്തും സൗജന്യമാണ്. റെക്കോര്‍ഡഡ് ക്ലാസ് ആയതിനാല്‍ ഇഷ്ടാനുസരണം കോഴ്സ് പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ് നേടാവുന്നതാണ്.

യുവാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പ്രാദേശിക കൂട്ടായ്മകള്‍ക്കും ഈ കോഴ്സില്‍ പങ്കെടുത്ത് മാലിന്യ പരിപാലനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മറ്റുള്ളവരിലേയ്ക്ക് കൈമാറാന്‍ സാധിക്കും. കോഴ്സിനെ നാലുവര്‍ഷ ഡിഗ്രി പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നതുമായി ബന്ധപ്പെട്ട മന്ത്രിതല ചര്‍ച്ചകളും നടന്നു വരുന്നു.കേരളത്തിലെ ഖരമാലിന്യ സംസ്കരണ സംവിധാനങ്ങള്‍-മാസ്സീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്സ് (എം.ഒ.ഒ.സി) എന്നതാണ് കോഴ്സിന്‍റെ പേര്. മാലിന്യ സംസ്കരണ സംവിധാനങ്ങളിലെ പ്രതിസന്ധിയും പ്രതിവിധിയും, മാലിന്യമുക്തം നവകേരളം പ്രചരണത്തിന്‍റെ നാള്‍ വഴികള്‍, ഗാര്‍ഹിക-കമ്മ്യൂണിറ്റി തല ജൈവ മാലിന്യ സംസ്കരണ സംവിധാനം, എയ്റോബിന്‍ കമ്പോസ്റ്റിഗ്, ബിന്‍ കമ്പോസ്റ്റര്‍, ബയോഗ്യാസ് പ്ലാന്‍റ്, ജൈവ സംസ്കരണ ഭരണി, മണ്‍കല കമ്പോസ്റ്റ്, കുഴി കമ്പോസ്റ്റ്, ഓര്‍ഗാനിക് കമ്പോസ്റ്റ് മെഷീന്‍, പോര്‍ട്ടബിള്‍ ബയോബിന്‍ കമ്പോസ്റ്റിംഗ്, റിംഗ് കമ്പോസ്റ്റിംഗ്, അജൈവ മാലിന്യം കൈകാര്യം ചെയ്യുന്ന രീതി, സാനിറ്ററി മാലിന്യം, ഗാര്‍ഹിക ആപത്കര മാലിന്യം, കെട്ടിട നിര്‍മ്മാണ പൊളിക്കല്‍ മാലിന്യം, അറവ് മാലിന്യം, ഗ്രീന്‍ പ്രോട്ടോക്കോള്‍ തുടങ്ങിയ വിവിധ വിഷയങ്ങള്‍ കോഴ്സിന്‍റെ ഭാഗമാണ്.

https://www.kila.ac.in എന്ന കിലയുടെ വെബ്സൈറ്റില്‍ നിന്നും https://ecourses.kila.ac.in എന്ന ഇ-കോഴ്സസ് പോര്‍ട്ടല്‍ ലോഗിന്‍ ചെയ്ത് കോഴ്സില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. തുടര്‍ന്ന് ഹോം പേജിലെ കോഴ്സസ് ഓപ്ഷനില്‍ നിന്നും കോഴ്സ് ലിസ്റ്റ് ക്ലിക്ക് ചെയ്യുക. കേരളത്തിലെ ഖരമാലിന്യ സംസ്കരണ സംവിധാനങ്ങള്‍- മാസീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്സ് (എം.ഒ.ഒ.സി) എന്ന കോഴ്സ് തിരഞ്ഞെടുത്ത് വിവരങ്ങള്‍ നല്‍കി കോഴ്സില്‍ ചേരാവുന്നതാണ്. താഴെ കാണുന്ന ക്യൂ ആര്‍ കോസ് സ്കാന്‍ ചെയ്തും കോഴ്സില്‍ രജിസ്റ്റര്‍ ചെയ്യാം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!