കേരളയിലും അതിവേഗത്തില്‍ പരീക്ഷാഫലം

തിരുവനന്തപുരം: പ്രാക്ടിക്കൽ പരീക്ഷ കഴിഞ്ഞ് രണ്ടാംദിനം പരീക്ഷാഫലം പ്രസിദ്ധീകരിച്ച് കേരള സർവകലാശാല. വെള്ളിയാഴ്ച പ്രാക്ടിക്കൽ പരീക്ഷ അവസാനിച്ച ആറാം സെമസ്റ്റർ ബി.എസ്സി പരീക്ഷകളുടെ റിസൾട്ടാണ് ഞായറാഴ്ച പ്രസിദ്ധീകരിച്ചത്. പ്രാക്ടിക്കൽ, വൈവ പൂർത്തിയായി ഏറ്റവും കുറഞ്ഞ ദിവസത്തിൽ ഫലപ്രഖ്യാപനം നടത്തിയെന്ന നേട്ടമാണ് കേരള സർവകലാശാല കൈവരിച്ചത്. ഏപ്രിൽ, മെയ് മാസങ്ങളിൽ നടത്തിയ ആറാം സെമസ്റ്റർ ബി.എ, ബി.എസ്.സി, കരിയർ റിലേറ്റഡ് കമ്പ്യൂട്ടർ സയൻസ്, ബി.സി.എ, ബി.ബി.എ ലോജിസ്റ്റിക്സ് എന്നിവയുടെ പരീക്ഷാഫലം അടക്കമാണ് അതിവേഗം സർവകലാശാല പ്രസിദ്ധീകരിച്ചത്. മറ്റ് വിഷയങ്ങളുടെ പരീക്ഷാഫലങ്ങൾ ചൊവ്വാഴ്ച പ്രസിദ്ധീകരിക്കുമെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു.മഹാത്മാഗാന്ധി, കലിക്കറ്റ് സർവകലാശാലകളും റെക്കോഡ് വേഗത്തിലാണ് അവസാന വർഷ ഡിഗ്രിഫലം പ്രസിദ്ധപ്പെടുത്തിയത്. എം.ജിയിൽ പരീക്ഷയുടെ പത്താം ദിവസവും കലിക്കറ്റിൽ 23–-ാം ദിവസവുമാണ് ഫലപ്രഖ്യാപനം നടത്തിയത്.