പുകയിൽ പിടിമുറുക്കി കേന്ദ്രം, സർട്ടിഫിക്കറ്റിന് ഇനി കുറച്ച് വിയർക്കും

തിരുവനന്തപുരം: വാഹന പുകപരിശോധനയില്‍ ക്രമക്കേട് തടയാന്‍ തത്സമയ റീഡിങ് പ്രദര്‍ശിപ്പിക്കുന്നത് ഒഴിവാക്കി. കേന്ദ്രസര്‍ക്കാരാണ് സോഫ്റ്റ്വേറില്‍ മാറ്റംവരുത്തിയത്. ടെസ്റ്റിങ് സമയത്ത് പുകക്കുഴല്‍ ക്രമീകരിച്ച് പരിശോധനാഫലത്തില്‍ മാറ്റംവരുത്തുന്നതായി കണ്ടതിനെത്തുടര്‍ന്നാണ് മാറ്റംവരുത്തിയത്.ഓക്സിജന്‍ അളവു കുറയുമ്പോള്‍ നോസില്‍ പുറത്തേയ്ക്കുനീക്കി വായു കയറ്റിവിട്ട് വിജയിപ്പിക്കുന്ന രീതി ചിലര്‍ അവലംബിച്ചിരുന്നു. വാഹനങ്ങളുടെ ആക്സിലറേഷന്‍ ക്രമീകരിച്ചും പരിശോധാഫലത്തില്‍ മാറ്റംവരുത്തി. ഇതൊഴിവാക്കുന്നതാണ് പുതിയ ക്രമീകരണം. അന്തിമഫലത്തില്‍ മാത്രമേ ഒരോ വാതകത്തിന്റെയും അളവ് വ്യക്തമാകൂ. ഇതിനൊപ്പം പാസല്ലെങ്കില്‍ പരാജയ സര്‍ട്ടിഫിക്കറ്റും ലഭിക്കും. പരിശോധനയ്ക്കിടെ ഇടപെടാന്‍ കഴിയില്ല. പരാജയപ്പെട്ടാല്‍ വാഹനത്തിന്റെ തകരാര്‍ പരിഹരിച്ച് വീണ്ടും ടെസ്റ്റിന് ഹാജരാക്കേണ്ടിവരും.
എല്ലാ വാഹനങ്ങള്‍ക്കും ഒരേ പരിശോധനാഫലം നല്‍കിയ പുകപരിശോധനാ യന്ത്രങ്ങള്‍ വിതരണംചെയ്ത കമ്പനിയെ കരിമ്പട്ടിയില്‍ ഉള്‍പ്പെടുത്താന്‍ നടപടി. കമ്പനിതന്നെ വ്യാജ സോഫ്റ്റ്വെയർ ഉപയോഗിച്ചതാണെന്ന് സംശയം ഉയര്‍ന്നിട്ടുണ്ട്. ടെസ്റ്റിനെത്തുന്ന വാഹനങ്ങളെല്ലാം പാസാകുന്ന വിധത്തിലായിരുന്നു ക്രമീകരണം.വാഹനങ്ങളുടെ പുകപരിശോധന കുറ്റമറ്റതാക്കുന്നതിനും കാര്യക്ഷമത ഉറപ്പാക്കുന്നതിനുമായി കേന്ദ്ര മുമ്പും വിവിധ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. പുകപരിശോധനയ്ക്ക് എത്തുന്ന വാഹനങ്ങളെല്ലാം വിജയിക്കുന്ന രീതി ഇനിയുണ്ടാവില്ലെന്ന് അറിയിച്ചിരുന്നു. കേന്ദ്രചട്ടപ്രകാരം സംസ്ഥാനത്തെ പെട്രോള്‍ വാഹനങ്ങളുടെ പുകപരിശോധന പരിഷ്‌കരിച്ച മാര്‍ച്ച് 17 മുതല്‍ 31 വരെ 91.15 ശതമാനം വാഹനങ്ങളാണ് വിജയിച്ചത്. 8.85 ശതമാനം പരാജയപ്പെട്ടിരുന്നു.
അന്തരീക്ഷ മലിനീകരണ തോത് കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് ബി.എസ്. 4 പെട്രോള്‍ ഇരുചക്ര-നാലുചക്ര വാഹനങ്ങളില്‍ ബഹിര്‍ഗമന വാതകങ്ങളുടെ അളവ് വിശകലനം (കാര്‍ബണ്‍മോണോക്സൈഡ് കറക്ഷന്‍) ചെയ്യുന്നത്. ഇന്ധനജ്വലനത്തില്‍ പോരായ്മയുണ്ടെങ്കില്‍ വാഹനങ്ങള്‍ പുക പരിശോധനയില്‍ പരാജയപ്പെടും. എയര്‍ഫില്‍ട്ടര്‍, സ്പാര്‍ക്ക് പ്ലഗ്, എന്നിവ കൃത്യമായ ഇടവേളകളില്‍ മാറാതിരിക്കുമ്പോഴും, കാര്‍ബറേറ്ററില്‍ അടവുണ്ടാകുമ്പോഴും മലിനീകരണത്തോത് കൂടും. ഇന്ധനക്ഷമത കുറയുന്നതുവഴി വാഹന ഉടമയ്ക്ക് സാമ്പത്തിക നഷ്ടവുമുണ്ടാകും.