കണ്ണൂർ വിമാനത്താവളത്തിൽ നിന്നുള്ള ഹജ്ജ് വിമാനങ്ങളുടെ അന്തിമ ലിസ്റ്റായി

മട്ടന്നൂർ: കണ്ണൂർ എംബാർക്കേഷൻ പോയിന്റിൽ നിന്ന് പുറപ്പെടുന്ന ഹജ്ജ് വിമാനങ്ങളുടെ അന്തിമ ലിസ്റ്റായി. ജൂൺ ഒന്നിന് രാവിലെ 5.55ന് ആദ്യവിമാനം പറക്കും. രാവിലെ 8.50ന് ജിദ്ദയിലെത്തും. മൂന്നിന് രണ്ട് വിമാനങ്ങളുണ്ടാകും. രാവിലെ 8.35നും പകൽ 1.10നുമാണ് സര്‍വീസ്. 1.10ന്റെ വിമാനം സ്ത്രീകൾക്ക് മാത്രമുള്ള സർവീസാണ്. 361 പേർക്ക് യാത്ര ചെയ്യാവുന്ന സൗദി എയർലൈൻസാണ് കണ്ണൂരിൽ നിന്നുള്ളത്. പുറപ്പെടുന്നതിന് 24 മണിക്കൂർ മുമ്പ് തീർഥാടകർ ക്യാമ്പിലെത്തണം. ജൂൺ 10വരെ തീര്‍ഥാടകരുമായി ഒമ്പത് വിമാനങ്ങളാണ് സർവീസ് നടത്തുക. അവസാന വിമാനം 10ന് പുലർച്ചെ 1.55ന് പുറപ്പെട്ട് രാവിലെ 4.50ന് ജിദ്ദയിലെത്തും. ആദ്യ മടക്കയാത്രാ വിമാനം ജൂലൈ 10ന് പുലർച്ചെ 3.50ന് മദീനയിൽ നിന്ന് പുറപ്പെട്ട് പകൽ 12ന് കണ്ണൂരിലെത്തും. അവസാനത്തേത് ജൂലൈ 19ന് പകൽ 3.10ന് പുറപ്പെട്ട് രാത്രി 11.20ന് കണ്ണൂരിലെത്തും. വെയിറ്റിങ് ലിസ്‌റ്റിലുള്ളവർക്ക് പ്രത്യേക വിമാനമുണ്ടെങ്കിൽ ഷെഡ്യൂളിൽ മാറ്റം വരും. ഹജ്ജ് ക്യാമ്പ് വെള്ളി വൈകിട്ട് ഉദ്‌ഘാടനം ചെയ്യും.
കരിപ്പൂരിൽ നിന്ന് 2490 തീർഥാടകർ മക്കയിലെത്തി
സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കുകീഴിൽ യാത്രയായ 2490 തീർഥാടകർ മക്കയിലെത്തി. സംഘത്തിൽ 1802 പേർ സ്ത്രീകളാണ്. 688 പുരുഷൻമാരുമുണ്ട്. 15 വിമാനങ്ങളാണ് ഇതുവരെ സർവീസ് നടത്തിയത്. ശനിയാഴ്ച കരിപ്പൂരിൽ നിന്ന് മൂന്ന് വിമാനങ്ങളാണ് പുറപ്പെട്ടത്. ഇതിൽ സ്ത്രീ തീർഥാടകരാണുണ്ടായിരുന്നത്. ഹൗസിങ് ബോർഡ് ചെയർമാൻ പി.പി. സുനീർ, സിഡ്‌കോ ചെയർമാൻ നിയാസ് പുളിക്കലകത്ത്, അഡ്വ. ബാലകൃഷ്ണൻ, ടി. കെ.അബ്ദുറഹിമാൻ ബാഖവി, കെ.വി. തങ്ങൾ കരുവൻതിരുത്തി, ലത്തീഫ് തങ്ങൾ അവേലത്ത്, ജി.അബൂബക്കർ എന്നിവർ ക്യാമ്പ് സന്ദർശിച്ചു.
ഞായറാഴ്‌ച മൂന്ന് സർവീസ്
ഞായറാഴ്ചയും മൂന്ന് വിമാനങ്ങൾ കരിപ്പൂരിൽനിന്ന് സർവീസ് നടത്തും. രണ്ട് വിമാനങ്ങളിൽ സ്ത്രീ തീർഥാടകരും ഒന്നിൽ ജനറൽ വിഭാഗത്തിലെ തീർഥാടകരുമാണുള്ളത്. ആദ്യ വിമാനം പുലർച്ചെ 12.05നും രണ്ടാമത്തെ വിമാനം രാവിലെ 7.55നും മൂന്നാമത്തെ വിമാനം വൈകിട്ട് അഞ്ചിനും പുറപ്പെടും.