കെ.എസ്.യു പഠനക്യാമ്പിനിടെ തമ്മില്‍ത്തല്ല്; പ്രവര്‍ത്തകര്‍ ഗ്രൂപ്പ് തിരിഞ്ഞ് ഏറ്റുമുട്ടി, ഒരാൾക്ക് പരിക്ക്

Share our post

തിരുവനന്തപുരം: പഠനക്യാമ്പിനിടെ കെ.എസ്.യു. പ്രവര്‍ത്തകര്‍ തമ്മില്‍ത്തല്ലി. നെയ്യാര്‍ ഡാമിലെ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കുന്ന പഠനശിബിരത്തിനിടെയാണ് കെ.എസ്.യു. പ്രവര്‍ത്തകര്‍ ഗ്രൂപ്പ് തിരിഞ്ഞ് ഏറ്റുമുട്ടിയത്. ശനിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. സംഘര്‍ഷത്തെ തുടര്‍ന്ന് ക്യാമ്പ് നിര്‍ത്തിവെയ്ക്കാന്‍ കെ.പി.സി.സി. നേതൃത്വം നിര്‍ദേശം നല്‍കി.ക്യാമ്പിന് പുറത്തെ ചില വിഷയങ്ങള്‍ സംബന്ധിച്ച് നടന്ന ചര്‍ച്ചയ്ക്കൊടുവിലാണ് പ്രവര്‍ത്തകര്‍ തമ്മില്‍ അടിയുണ്ടായതെന്നാണ് സൂചന. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റതായും വിവരമുണ്ട്. ഇയാള്‍ തിരുവനന്തപുരത്തെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സ തേടി.

അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് നെയ്യാര്‍ഡാം പോലീസില്‍ ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ല. ക്യാമ്പില്‍ വാക്കുതര്‍ക്കവും കയ്യാങ്കളിയും നടന്നതായി കെ.എസ്.യു. നേതൃത്വം അംഗീകരിക്കുന്നുണ്ടെങ്കിലും ആര്‍ക്കെങ്കിലും പരിക്കേറ്റോ എന്നതടക്കമുള്ള കാര്യങ്ങളില്‍ ഇവര്‍ സ്ഥിരീകരണം നല്‍കിയിട്ടില്ല. എന്നാല്‍, തുടര്‍പ്രശ്‌നങ്ങളുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ക്യാമ്പ് നിര്‍ത്തിവെയ്ക്കാന്‍ കെ.പി.സി.സി. നേതൃത്വം നിര്‍ദേശിച്ചിട്ടുണ്ട്. കെ.എസ്.യു. തെക്കന്‍മേഖല പഠനശിബിരമാണ് നെയ്യാര്‍ ഡാമില്‍ നടന്നുവന്നിരുന്നത്. ഞായറാഴ്ചയായിരുന്നു ക്യാമ്പിന്റെ അവസാനദിവസം. ക്യാമ്പ് നിര്‍ത്തിവെച്ചാല്‍ പ്രമേയവും അവതരിപ്പിക്കാനാകില്ല.

അന്വേഷണ കമ്മീഷനെ നിയോഗിച്ച് കെ.പി.സി.സി.

നെയ്യാര്‍ ഡാമില്‍ കെ.എസ്.യു. പഠനക്യാമ്പിനിടെ നടന്ന തമ്മിലടിയില്‍ കെ.പി.സി.സി. അന്വേഷണ കമ്മീഷനെ നിയോഗിച്ചു. പഴകുളം മധു, എം.എം. നസീര്‍, എ.കെ. ശശി എന്നിവരാണ് കമ്മീഷന്‍ അംഗങ്ങള്‍. ഞായറാഴ്ച വൈകുന്നേരത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് അന്വേഷണ കമ്മീഷന് നല്‍കിയ നിര്‍ദേശം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!