സംരക്ഷിക്കാനാകില്ലെങ്കിൽ കുരുന്നുകളെ സർക്കാരിന് നൽകൂ: മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം : സംരക്ഷിക്കാനാകില്ലെങ്കിൽ കുഞ്ഞുങ്ങളെ സർക്കാരിന് കൈമാറണമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. എറണാകുളത്ത് അമ്മ കുഞ്ഞിനെ എറിഞ്ഞു കൊന്നതുപോലെയുള്ള സംഭവങ്ങൾ ഇനി ഉണ്ടാകരുത്. അത് കേരളത്തിൻ്റെ ഹൃദയത്തിനേറ്റ മുറിവാണ്. അമ്മത്തൊട്ടിൽപോലുള്ള സംവിധാനങ്ങൾ ഉള്ളപ്പോൾ കുരുന്നുകളെ അവിടെ ഏൽപ്പിക്കണം. കുഞ്ഞുങ്ങൾക്ക് സ്നേഹവും വിദ്യാഭ്യാസവും നൽകാൻ സർക്കാർ സംവിധാനങ്ങൾ തയ്യാറാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത് സംഘടിപ്പിച്ച കിളിക്കൂട്ടം അവധിക്കാല ക്യാമ്പിൽ കുട്ടികളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാന സർക്കാർ നടപ്പാക്കിയ “ഫോസ്റ്റർ കെയർ’ ഇതിനകം വൻ വിജയമാണ്. രക്ഷാകർത്താക്കൾ ഇല്ലാത്ത കുട്ടികളെ മറ്റു കുടുംബങ്ങളിൽ എത്തിച്ച് കുടുംബാന്തരീക്ഷ പരിചരണം നൽകുന്ന മാതൃക യുനിസെഫ് ഉൾപ്പെടെയുള്ള സംഘടനകൾ പ്രകീർത്തിച്ചിരുന്നു. മാൻ കൈൻഡ് ഫൗണ്ടേഷൻ സമിതി ദത്തെടുക്കൽ കേന്ദ്രത്തിന് നൽകിയ മൂന്ന് എ.സി ഫൗണ്ടേഷൻ ചെയർമാൻ ആശ ശേഖർ, ജനറൽ സെക്രട്ടറി അനു ദേവരാജൻ എന്നിവർ ചേർന്ന് മന്ത്രിക്ക് കൈമാറി. ക്യാമ്പംഗം പൂർണിമ പ്രകാശ് വരച്ച ചിത്രം മന്ത്രിക്ക് സമ്മാനിച്ചു. സംസ്ഥാന ശിശുക്ഷേമ സമിതി വൈസ് പ്രസിഡന്റ് പി. സുമേശൻ അധ്യക്ഷനായി. ജോയിൻ്റ് സെക്രട്ടറി മീര ദർശക്, ജനറൽ സെക്രട്ടറി ജി.എൽ. അരുൺ ഗോപി, ട്രഷറർ കെ. ജയപാൽ, ഒ.എം. ബാലകൃഷ്ണൻ, എം.കെ. പശുപതി, യേശുദാസ് പറപ്പിള്ളി എന്നിവർ സംബന്ധിച്ചു.