ഓൺലൈനിൽ ഗുണനിലവാരം കുറഞ്ഞ കണ്ണട വിറ്റു; 29,736 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

മഞ്ചേരി: ഗുണനിലവാരം കുറഞ്ഞ കണ്ണട നൽകി ഗുണഭോക്താവിനെ കബളിപ്പിച്ച കേസിൽ കമ്പനി 29,736 രൂപ നൽകാൻ ജില്ല ഉപഭോക്തൃ കമ്മീഷൻ്റെ വിധി. വേട്ടേക്കോട് പുല്ലഞ്ചേരി സ്വദേശി സി. ഇബ്രാഹീമിനാണ് ഇൻസ്റ്റാകാർട്ട് സർവീസ് പ്രൈവറ്റ് ലിമിറ്റഡ് നഷ്ടം പരിഹാരം നൽകാൻ വിധിച്ചത്.
ഫേസ്ബുക് വഴി കണ്ട പരസ്യം വഴിയാണ് കഴിഞ്ഞവർഷം ഇബ്രാഹീം 799 രൂപ നൽകി കൂളിങ് ഗ്ലാസ് ഓർഡർ ചെയ്‌തത്. എന്നാൽ, നല്ല രീതിയിൽ പാക്ക് പോലും ചെയ്യാതെയാണ് കണ്ണട ലഭിച്ചത്. ഒപ്പം ചുരുങ്ങിയ വിലയുടെ കണ്ണട നൽകി ഉപഭോക്താവിനെ വഞ്ചിക്കുകയായിരുന്നു. ഇതോടെയാണ് ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്. ഗ്ലാസിന്റെ വിലക്ക് പുറമെ 25,000 രൂപ നഷ്ട പരിഹാരമായും 3,000 രൂപ കോടതി ചെലവായും നൽകാനും കമ്മീഷൻ വിധിച്ചു. കെ. മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി.വി. മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ കമ്മീഷനാണ് നഷ്ടപരിഹാരം നൽകാൻ വിധിച്ചത്.