പുതിയ റോഡില്‍ ചീറിപായാന്‍ വരട്ടെ; ദേശീയപാതകളില്‍ വാഹനങ്ങളുടെ വേഗം കുറച്ച് എം.വി.ഡി

Share our post

തിരുവനന്തപുരം: സംസ്ഥാനത്തെ ആറുവരിയും അതില്‍ക്കൂടുതലും ലൈനുകളുള്ള ദേശീയപാതകളില്‍ വാഹനങ്ങളുടെ വേഗപരിധി കുറച്ച് മോട്ടോര്‍വാഹനവകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു. ഡ്രൈവറെ കൂടാതെ, എട്ട് സീറ്റില്‍ അധികമില്ലാത്ത യാത്രാവാഹനങ്ങളുടെ (എം 1 വിഭാഗം) വേഗപരിധി മണിക്കൂറില്‍ 110 കിലോമീറ്ററില്‍ നിന്ന് 100 കിലോമീറ്ററായാണ് കുറച്ചത്. ഡ്രൈവറെ കൂടാതെ ഒന്‍പതോ അതില്‍ക്കൂടുതലോ സീറ്റുകളുള്ള വാഹനങ്ങളുടെ (എം 2, എം 3 വിഭാഗം) വാഹനങ്ങളുടെ വേഗപരിധി മണിക്കൂറില്‍ 95 കിലോമീറ്ററില്‍ നിന്ന് 90 ആയും കുറച്ചു. ദേശീയപാതാ അതോറിറ്റി ഓഫ് ഇന്ത്യയുടെ (എന്‍.എച്ച്.എ.ഐ.) നിര്‍ദേശപ്രകാരമാണ് നടപടി. എന്‍.എച്ച്.എ.ഐ. സംസ്ഥാനത്ത് വികസിപ്പിക്കുന്ന ആറുവരി, നാലുവരി പാതകളുടെ വേഗപരിധി മണിക്കൂറില്‍ 100 കിലോമീറ്ററാണ്. അതുപോലെ പാതയിലേക്കുള്ള പ്രവേശനം പൂര്‍ണമായും നിയന്ത്രിച്ചിട്ടില്ലെന്നും ദേശീയപാതാ അതോറിറ്റി റീജണല്‍ ഓഫീസര്‍ സര്‍ക്കാരിനെ അറിയിച്ചു.

ഈ സാഹചര്യത്തില്‍ ട്രാഫിക് സൈന്‍ ബോര്‍ഡുകളില്‍ എം1, എം2, എം3 വാഹനങ്ങളുടെ വേഗപരിധി 110/95 കിലോമീറ്ററെന്ന് മാറ്റാന്‍ കേന്ദ്ര റോഡ് ഗതാഗത, ദേശീയപാതാ മന്ത്രാലയം അനുവദിക്കുകയുമില്ല. ഇക്കാരണത്താലാണ് വേഗപരിധി പുതുക്കിനിശ്ചയിച്ചത്. ആറുവരി ദേശീയപാതയില്‍ എം1 വിഭാഗം വാഹനങ്ങളുടെ പരമാവധി വേഗം മണിക്കൂറില്‍ 110 കിലോമീറ്ററും എം 2, എം 3 വാഹനങ്ങളുടെ വേഗം 95 കിലോമീറ്ററുമായി നിശ്ചയിച്ചത് 2023 ജൂണിലാണ്. ഇതാണിപ്പോള്‍ മാറ്റിയത്. നാലുവരി ദേശീയപാതയില്‍ ഈ വിഭാഗം വാഹനങ്ങളുടെ പരമാവധി വേഗം മണിക്കൂറില്‍ യഥാക്രമം 100, 90 കിലോമീറ്ററാണ്. ഇവയുടെ വേഗത്തിന്റെ കാര്യത്തില്‍ പുതിയ വിജ്ഞാപനത്തില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല. ചരക്കുവാഹനങ്ങള്‍, ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍, ക്വാഡ്രി സൈക്കിള്‍സ്, വിദ്യാഭ്യാസസ്ഥാപനങ്ങളുടെ വാഹനങ്ങള്‍ എന്നിവയുടെ വേഗപരിധിയിലും മാറ്റമൊന്നുമില്ല.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!