വാട്ട്സ്ആപ്പിലൂടെ കെ.എസ്.ഇ.ബി.യെ അപകട സാദ്ധ്യത അറിയിക്കാം

കണ്ണൂർ : വൈദ്യുതി തടസ്സപ്പെട്ടാലും അപകട സാദ്ധ്യതയുള്ള ട്രാന്‍സ്ഫോര്‍മര്‍, വൈദ്യുത ലൈനുകള്‍ സംബന്ധിച്ച വിവരങ്ങള്‍ എന്നിവയും പൊതുജനങ്ങള്‍ക്ക് കെ.എസ്.ഇ.ബി.യെ 9496001912 എന്ന വാട്ട്സ്ആപ്പ് നമ്പറില്‍ അറിയിക്കാം. സെക്ഷന്‍ ഓഫീസിന്റെ പേരും ട്രാന്‍സ്ഫോര്‍മര്‍, പോസ്റ്റ് നമ്പര്‍ ഉള്‍പെടെയുള്ള സ്ഥലവിവരങ്ങളും സഹിതം വാട്ട്സ്ആപ്പ് സന്ദേശം അയയ്ക്കാം. വൈദ്യുതക്കമ്പി പൊട്ടിവീണാല്‍ ഒരുകാരണവശാലും സ്പര്‍ശിക്കരുതെന്നും ഇത്തരം സംഭവങ്ങള്‍ കാണാനിടയായാല്‍ ബന്ധപ്പെട്ട സെക്ഷന്‍ ഓഫീസിലോ അടിയന്തര നമ്പറായ 9496010101ലോ കസ്റ്റമര്‍ കെയര്‍ നമ്പറായ 1912ലോ അറിയിക്കണമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
ഐ.വി.ആര്‍.എസ് സംവിധാനത്തിലൂടെ അതിവേഗം പരാതി രജിസ്റ്റര്‍ ചെയ്യാന്‍ കഴിയും. ആവശ്യമെങ്കില്‍ കസ്റ്റമര്‍കെയര്‍ എക്സിക്യുട്ടീവിനോട് സംസാരിക്കാനും അവസരമുണ്ടാകും. 1912-ല്‍ വിളിക്കുന്നതിനുമുമ്പ് 13 അക്ക കണ്‍സ്യൂമര്‍ നമ്പര്‍ കൂടി കയ്യില്‍ കരുതുന്നത് പരാതി രേഖപ്പെടുത്തല്‍ എളുപ്പമാക്കുമെന്നും കെഎസ്ഇബി അറിയിച്ചു.