കേരളത്തിൽ കൊലമരം കാത്ത് 39 പേർ; കൂട്ടത്തിൽ മുന്‍ പോലീസുകാരനും

Share our post

കണ്ണൂർ: സംസ്ഥാനത്തെ സെൻട്രൽ ജയിലുകളിൽ വധശിക്ഷ കാത്ത് പോലീസുകാരനടക്കം 39 പേർ. വിധിവന്നശേഷം വർഷങ്ങളായി ജയിലിലുള്ള ഇവർ പലരും ശിക്ഷായിളവിനായി മേൽക്കോടതികളിൽ അപ്പീൽ നൽകിയിട്ടുണ്ട്. അപൂർവങ്ങളിൽ അപൂർവമായ കേസുകളിലാണ് വധശിക്ഷ വിധിക്കുന്നത്. 

പോലീസ് സ്റ്റേഷനിലെ ഉരുട്ടിക്കൊലക്കേസിലെ പ്രതിയായ ജിതകുമാറാണ് വധശിക്ഷ കാത്ത് കഴിയുന്നവരുടെ കൂട്ടത്തിലുള്ള മുൻ പോലീസുകാരൻ. ബി.ജെ.പി. നേതാവ് രൺജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ 15 പേർക്കാണ് മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി വധശിക്ഷ വിധിച്ചത്. കേരളത്തിൽ ആദ്യമായാണ് ഒരു കേസിൽ ഇത്രയധികം പ്രതികൾക്ക് വധശിക്ഷ വിധിച്ചത്. നെയ്യാറ്റിൻകരയിൽ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ കൊലപ്പെടുത്തിയ അമ്മയ്ക്കും മകനും സുഹൃത്തിനും കഴിഞ്ഞദിവസം വധശിക്ഷ വിധിച്ചിരുന്നു.

പൂജപ്പുര സെൻട്രൽ ജയിലിലാണ് ഏറ്റവും കൂടുതൽ പേർ വധശിക്ഷ കാത്തുകഴിയുന്നത്- 25. കണ്ണൂർ സെൻട്രൽ ജയിലിൽ നാലുപേരും വിയ്യൂർ സെൻട്രൽ ജയിലിൽ ആറുപേരും വിയ്യൂർ അതിസുരക്ഷാ ജയിലിൽ മൂന്നുപേരും തിരുവനന്തപുരം വനിതാ ജയിലിൽ ഒരാളുമുണ്ട്. 14 പേരെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയും കൊള്ളയടിക്കുകയും ചെയ്ത റിപ്പർ ചന്ദ്രനെയാണ് സംസ്ഥാനത്ത് ഒടുവിലായി തൂക്കിലേറ്റിയത്. 1991 ജൂലായ് ആറിനാണ് കണ്ണൂർ സെൻട്രൽ ജയിലിൽ ശിക്ഷ നടപ്പാക്കിയത്. നിലവിൽ കേരളത്തിലെ ജയിലുകളിൽ ആരാച്ചാർമാരില്ല.

വധശിക്ഷ വിധിച്ചാൽ

  • പരോൾ ലഭിക്കില്ല.
  • ജയിൽജോലികൾചെയ്യണം
  • രാഷ്ട്രപതി ദയാഹർജി തള്ളിയാൽ ബ്ലാക്ക് വാറൻ്റ്. ഈ കാലഘട്ടത്തിൽ പ്രത്യേകസെല്ലിൽ ഒറ്റയ്ക്ക്. പ്രത്യേകസുരക്ഷയും ഭക്ഷണവും നൽകും. 

Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!