ഹെപ്പറ്റൈറ്റിസ് എ പടരുന്നു, രോഗലക്ഷണം ദിവസങ്ങൾ മുതൽ മാസങ്ങൾ വരെ

Share our post

കല്പറ്റ: ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഹെപ്പറ്റൈറ്റിസ് എ റിപ്പോർട്ട് ചെയ്തതായി ആരോഗ്യവകുപ്പ് അറിയിച്ചു.

പടിഞ്ഞാറത്തറ, തരിയോട്, മുട്ടിൽ, മൂപ്പൈനാട്, മേപ്പാടി തുടങ്ങിയ സ്ഥലങ്ങളിലാണ് കൂടുതലായി ഹെപ്പറ്റൈറ്റിസ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

കൂടുതലും ഹെപ്പറ്റൈറ്റിസ് എ കേസുകളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. ഈ സാഹചര്യത്തിൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ഡി.എം.ഒ. ഡോ. പി.ദിനീഷ് പറഞ്ഞു.

എ, ഇ വിഭാഗങ്ങൾ ആഹാരവും കുടിവെള്ളവുംവഴി പകരുന്നവയാണ്. ബി,സി,ഡി എന്നീ വിഭാഗങ്ങൾ അണുബാധയുള്ള രക്തം, ശരീരസ്രവങ്ങൾ എന്നിവയിലൂടെയും പകരുന്നു.

രോഗലക്ഷണത്തിന് ദിവസങ്ങൾ മുതൽ മാസങ്ങൾവരെ

രോഗാണുക്കൾ ശരീരത്തിലെത്തി രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതിന് മറ്റു പല പകർച്ചവ്യാധിരോഗങ്ങളെക്കാൾ കൂടുതൽ ദിവസങ്ങളെടുക്കും. എ, ഇ വിഭാഗങ്ങൾക്ക് 15 ദിവസംമുതൽ 60 ദിവസംവരെ ആയേക്കാം. ബി, സി, ഡി വിഭാഗങ്ങൾക്ക് ഇത് 15 ദിവസംമുതൽ ആറുമാസംവരെ നീണ്ടേക്കാം. കൂടുതൽ കണ്ടുവരുന്നത് കുടിവെള്ളംവഴിയും ആഹാരസാധനങ്ങൾവഴിയും പകരുന്ന എ, ഇ വിഭാഗങ്ങളാണ്.

മുതിർന്നവരിൽ പലപ്പോഴും ഈ രോഗം ഗൗരവകരമാവാറുണ്ട്. ശരീരവേദനയോടുകൂടിയ പനി, തലവേദന, ക്ഷീണം, ഓക്കാനം, ഛർദി തുടങ്ങിയവയാണ് പ്രാരംഭ രോഗലക്ഷണങ്ങൾ. പിന്നീട് മൂത്രത്തിനും കണ്ണിനും മറ്റു ശരീരഭാഗങ്ങളിലും മഞ്ഞനിറം പ്രത്യക്ഷപ്പെടും.

യഥാസമയം വിദഗ്ധചികിത്സ കിട്ടിയില്ലെങ്കിൽ മരണംവരെ സംഭവിക്കാവുന്ന പകർച്ചവ്യാധിയാണ്. രോഗപ്രതിരോധ പ്രവർത്തനങ്ങൾ വഴി രോഗം കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നത് തടയാനാവും.

കൂടുതൽപ്പേർക്ക് വയറിളക്കരോഗങ്ങൾ കണ്ടെത്തിയാൽ ഉടൻ ആരോഗ്യകേന്ദ്രങ്ങളിൽ റിപ്പോർട്ട് ചെയ്യണമെന്നും അധികൃതർ നിർദേശിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!