കമ്പൈന്‍ഡ് ഡിഫന്‍സ് സര്‍വീസസ് എക്‌സാമിനേഷന്‍ (II), 2024ന് യു.പി.എസ്.സി. വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ദെഹ്‌റാദൂണിലെ ഇന്ത്യന്‍ മിലിറ്ററി അക്കാദമി, ഏഴിമല നാവിക അക്കാദമി, ഹൈദരാബാദിലെ എയര്‍ ഫോഴ്സ് അക്കാദമി, ചെന്നൈയിലെ ഓഫീസേഴ്സ് അക്കാദമി എന്നിവിടങ്ങളിലാണ് പ്രവേശനം. 459 ഒഴിവിലേക്കാണ് വിജ്ഞാപനം. ഇതില്‍ 32 ഒഴിവ് ഏഴിമല നാവിക അക്കാദമിയിലാണ്. ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. വനിതകള്‍ക്കും അവസരമുണ്ട്.ചെന്നൈയില്‍ 2025 ഒക്ടോബറിലും മറ്റ് കേന്ദ്രങ്ങളില്‍ 2025 ജൂലായിലും കോഴ്സാരംഭിക്കും. എന്‍.സി.സി.-സി സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് നിശ്ചിത എണ്ണം സീറ്റുകള്‍ നീക്കിവെച്ചിട്ടുണ്ട്.
യോഗ്യത:മിലിറ്ററി അക്കാദമി/മിലിറ്ററി ഓഫീസേഴ്സ് അക്കാദമി: ബിരുദം/തത്തുല്യം.
നേവല്‍ അക്കാദമി: എന്‍ജിനീയറിങ് ബിരുദം. എയര്‍ ഫോഴ്സ് അക്കാദമി: ബിരുദം (പ്ലസ്ടു തലത്തില്‍ ഫിസിക്‌സും ഇംഗ്ലീഷും പഠിച്ചിരിക്കണം). അല്ലെങ്കില്‍, എന്‍ജിനീയറിങ് ബിരുദം. മിലിറ്ററി അക്കാദമി, നേവല്‍ അക്കാദമി എന്നിവയിലേക്ക് പുരുഷന്മാര്‍ക്കാണ് അപേക്ഷിക്കാനാവുക. അപേക്ഷകര്‍ അവിവാഹിതരായിരിക്കണം. എയര്‍ ഫോഴ്സ് അക്കാദമിയിലേക്ക് അപേക്ഷിക്കുന്ന 25 വയസ്സിന് മുകളിലുള്ളവര്‍ക്ക് വ്യവസ്ഥകളോടെ ഇക്കാര്യത്തില്‍ ഇളവ് നല്‍കിയിട്ടുണ്ട്.
പ്രായം: ഇന്ത്യന്‍ മിലിറ്ററി അക്കാദമി, ഇന്ത്യന്‍ നേവല്‍ അക്കാദമി, ഓഫീസേഴ്സ് അക്കാദമി എന്നിവയിലേക്ക് അപേക്ഷിക്കുന്നവര്‍ 2001 ജനുവരി രണ്ടിനുമുന്‍പോ 2006 ജൂലായ് ഒന്നിനുശേഷമോ ജനിച്ചവരായിരിക്കരുത്. എയര്‍ ഫോഴ്സ് അക്കാദമിയിലേക്ക് അപേക്ഷിക്കുന്നവര്‍ 2001 ജനുവരി രണ്ടിനുമുന്‍പോ 2005 ജൂലായ് ഒന്നിനുശേഷമോ ജനിച്ചവരായിരിക്കരുത്. ഡി.ജി.സി.എ. നല്‍കുന്ന കമേഴ്സ്യല്‍ പൈലറ്റ് ലൈസന്‍സുള്ളവര്‍ക്ക് എയര്‍ ഫോഴ്സ് അക്കാദമിയിലേക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ രണ്ടുവര്‍ഷത്തെ ഇളവ് ലഭിക്കും.
പരീക്ഷ: മിലിറ്ററി/നേവല്‍/എയര്‍ ഫോഴ്സ് അക്കാദമികളിലേക്കുള്ള പരീക്ഷയ്ക്ക് ഇംഗ്ലീഷ്, പൊതുവിജ്ഞാനം, അടിസ്ഥാനഗണിതം എന്നിവയായിരിക്കും വിഷയങ്ങള്‍. ഓഫീസേഴ്സ് അക്കാദമിയിലേക്ക് ഇംഗ്ലീഷ്, പൊതുവിജ്ഞാനം എന്നിവയുമായിരിക്കും വിഷയങ്ങള്‍. 100 മാര്‍ക്കിനായിരിക്കും ഓരോ വിഷയത്തിലെയും പരീക്ഷ. ഓരോന്നിനും രണ്ടുമണിക്കൂറായിരിക്കും സമയം. ഒബ്ജക്ടീവ് മാതൃകയിലുള്ള പരീക്ഷയ്ക്ക് മൂന്നിലൊന്ന് നെഗറ്റീവ് മാര്‍ക്കുണ്ടായിരിക്കും. സെപ്റ്റംബര്‍ ഒന്നിനാണ് പരീക്ഷ. കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ പരീക്ഷാകേന്ദ്രമുണ്ടാവും.
ഫീസ്: വനിതകള്‍ക്കും എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്കും ഫീസില്ല. മറ്റുള്ളവര്‍ക്ക് 200 രൂപയാണ് ഫീസ്. ഓണ്‍ലൈനായോ എസ്.ബി.ഐ. ബ്രാഞ്ചുകളില്‍ പണമായോ ഫീസടയ്ക്കാം.
അപേക്ഷ: അപേക്ഷ www.upsconline.nic.in വഴി ഓണ്‍ലൈനായി സമര്‍പ്പിക്കണം. ഒറ്റത്തവണ രജിസ്ട്രേഷന്‍ ചെയ്തിട്ടില്ലാത്തവര്‍ അത് ചെയ്തശേഷമാണ് അപേക്ഷിക്കേണ്ടത്. വിശദവിവരങ്ങള്‍ www.upsc.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂണ്‍ 4 (വൈകീട്ട് 6 മണി). അപേക്ഷയില്‍ തിരുത്തല്‍ വേണ്ടവര്‍ക്ക് ജൂണ്‍ അഞ്ചുമുതല്‍ 11 വരെ സമയമനുവദിച്ചിട്ടുണ്ട്.