ഈ വർഷത്തെ ഹജ്ജ് തീർഥാടനത്തിന് തുടക്കം; കേരളത്തിൽ നിന്നുള്ള ആദ്യ സംഘം ജിദ്ദയിൽ

കരിപ്പൂർ : കേരളത്തിൽനിന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഈ വർഷത്തെ ഹജ്ജ് തീർഥാടനത്തിന് തുടക്കം. 80 സ്‌ത്രീകൾ ഉൾപ്പെടെ 166 തീർഥാടകരുള്ള ആദ്യസംഘം തിങ്കൾ അർധരാത്രി 12.05ന് കരിപ്പൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽനിന്ന് എയർ ഇന്ത്യ എക്‌സ്‌പ്രസിന്റെ വിമാനത്തിൽ പുറപ്പെട്ടു. ചൊവ്വാഴ്ച രാവിലെ എട്ടിനും പകൽ മൂന്നിനും രണ്ടാമത്തെയും മൂന്നാമത്തെയും വിമാനങ്ങൾ 166വീതം യാത്രക്കാരുമായി തിരിക്കും. 498 തീർഥാടകരാണ് ആദ്യദിവസം കരിപ്പൂരിൽനിന്ന് യാത്രയാകുന്നത്.
ആദ്യസംഘം പുലർച്ചെ 3.50ന് ജിദ്ദയിലെത്തി. കിങ് അബ്ദുൾ അസീസ് ഇന്റർനാഷണൽ വിമാനത്താവളത്തിലിറങ്ങിയ യാത്രക്കാരെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും കേന്ദ്ര ഹജ്ജ് കമ്മിറ്റി പ്രതിനിധികളും വളന്റിയർമാരും ചേർന്ന് സ്വീകരിച്ചു.
തിങ്കൾ രാവിലെ പത്തിന് കരിപ്പൂരിലെത്തിയ ആദ്യ സംഘത്തെ ഹജ്ജ് കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ, എയർപോർട്ട് ഉദ്യോഗസ്ഥർ, വളന്റിയർമാർ എന്നിവർ ചേർന്ന് സ്വീകരിച്ചു. രാത്രി എട്ടോടെ ഹജ്ജ് ഹൗസിൽ നിന്ന് വിമാനത്താവളത്തിലേക്ക് തിരിച്ചു. ചൊവ്വാഴ്‌ച പുറപ്പെടേണ്ട തീർഥാടകർ തിങ്കൾ വൈകിട്ട് നാലോടെ ക്യാമ്പിലെത്തി.
സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 17,883 പേരാണ് കരിപ്പൂർ, കണ്ണൂർ, നെടുമ്പാശേരി വിമാനത്താവളങ്ങൾ വഴി ഈവർഷം യാത്രയാവുക. തീർഥാടകരിൽ 7279 പുരുഷന്മാരും 10,604 സ്ത്രീകളുമാണ്. രണ്ടുവയസിന് താഴെയുള്ള എട്ടുപേരുമുണ്ട്. കരിപ്പൂർ വഴി 10,430 പേരും കൊച്ചി വഴി 4273, കണ്ണൂർ വഴി 3135 പേരുമാണ് യാത്രയാവുക.
കൊച്ചിയിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം 26ന് പുറപ്പെടും. ജൂൺ ഒന്നിന് കണ്ണൂരിൽ നിന്ന് യാത്ര തുടങ്ങും. സൗദി അറേബ്യൻ എയർലൈൻസാണ് ഈ രണ്ട് കേന്ദ്രങ്ങളിൽ നിന്നും സർവീസ് നടത്തുക. നെടുമ്പാശേരിയിൽ നിന്ന് ജൂൺ ഒമ്പതുവരെ 17ഉം കണ്ണൂരിൽ നിന്ന് ഒമ്പതും വിമാനങ്ങളാണ് സർവീസ് നടത്തുക.