കട കുത്തിത്തുറന്ന് മോഷ്ടിച്ചത് 42000 രൂപയുടെ ചോക്ലെറ്റ്; ഗോവയിലേക്ക് മുങ്ങിയ പ്രതി പിടിയിൽ

Share our post

കാഞ്ഞങ്ങാട്: കട കുത്തിത്തുറന്ന് ചോക്ലെറ്റും ഐസ്‌ക്രീമും ഗോഡൗണില്‍ക്കയറി പണവും മോഷ്ടിച്ച ശേഷം ഗോവയിലേക്ക് മുങ്ങിയ പ്രതിയെ ഹൊസ്ദുര്‍ഗ് എസ്.ഐ. വി.പി.അഖില്‍ അറസ്റ്റു ചെയ്തു. കാഞ്ഞങ്ങാട് ഞാണിക്കടവിലെ മുഹമ്മദ് ആസിഫലി(19)യാണ് അറസ്റ്റിലായത്. കേസില്‍ ഉള്‍പ്പെട്ടെ കാഞ്ഞങ്ങാട് കുശാല്‍നഗറിലെ ഫസല്‍ റഹ്‌മാന്‍ (19), ബി.വിവിഷ് (19), കാഞ്ഞങ്ങാട് തീരദേശ ഗ്രാമത്തിലെ 17-കാരന്‍ എന്നിവര്‍ നേരത്തേ അറസ്റ്റിലായിരുന്നു.

വെവ്വേറെ സംഘമാണ് കവര്‍ച്ച നടത്തിയതെങ്കിലും രണ്ടിടത്തെയും മോഷണത്തില്‍ മുഹമ്മദ് ആസിഫലി ഉണ്ടായിരുന്നു. മോഷണത്തിനു ശേഷം ഇയാള്‍ ആദ്യം ഗോവയിലേക്കും പിന്നീട് മുംബൈയിലേക്കും പോയി. അന്വേഷണത്തില്‍ നിന്ന് പോലീസ് പിന്മാറിയെന്നു കരുതി കഴിഞ്ഞ ദിവസം വീട്ടിലെത്തിയപ്പോഴാണ് ഇയാള്‍ പിടിയിലായത്.

ജനുവരി 14-നാണ് കാഞ്ഞങ്ങാട് കോട്ടച്ചേരിയിലെ മൊണാര്‍ക്ക എന്റര്‍പ്രൈസസില്‍ നിന്ന് 42,430 രൂപയുടെ ചോക്ലേറ്റ് മോഷ്ടിച്ചത്. മേശവലിപ്പിലുണ്ടായിരുന്ന 1,680 രൂപയുമെടുത്തു. ഈ കവര്‍ച്ചയ്ക്ക് ഏതാനും ദിവസം മുന്‍പ് കാഞ്ഞങ്ങാട് വടകരമുക്കിലെ കാരവളി മാര്‍ക്കറ്റിങ് ഐസ്‌ക്രീം ഗോഡൗണില്‍ നിന്ന് 70,000 രൂപ കവര്‍ന്നിരുന്നു.

മൊണാര്‍ക്ക എന്റര്‍പ്രൈസസിന് സമീപത്തെ വസ്ത്രശാലയിലെ സി.സി.ടി.വി. ക്യാമറയില്‍ പതിഞ്ഞ വീഡിയോയില്‍ നീല ജീന്‍സും ഇളംനിറത്തിലുള്ള ഷര്‍ട്ടും ധരിച്ച യുവാവ് നില്‍ക്കുന്നതും മറ്റു രണ്ട് യുവാക്കള്‍ ഷട്ടര്‍ കുത്തിപ്പൊളിക്കുന്നതും പതിഞ്ഞിരുന്നു. ഐസ്‌ക്രീം ഗോഡൗണിലെ സി.സി.ടി.വി.യിലും മോഷ്ടാക്കളുടെ ചിത്രം പതിഞ്ഞിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!