പുതു മഴയിൽ കിളിർത്ത കൂൺ കഴിച്ചു; ഒരു കുടുംബം ആസ്പത്രിയിൽ

വടകര: പുതുമഴ പെയ്തതോടെ മുളച്ചു പൊന്തിയ വിഷക്കൂൺ കഴിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ഭക്ഷ്യവിഷബാധ. കോഴിക്കോട് ജില്ലയിൽ നാദാപുരത്താണ് സംഭവം.
വരിക്കോളി സ്വദേശികളായ പൊക്കൻ (88), സുനിൽ (48), ഭാര്യ റീജ (40), മകൻ ഭഗത് സൂര്യ (13) എന്നിവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. വീടിന് സമീപത്ത് നിന്നും ലഭിച്ച കൂൺ കഴിച്ച ഇവർക്ക് ശാരീരിക അസ്വസ്ഥതകളും ഛർദ്ദിയും വയറിളക്കവും അനുഭവപെടുകയായിരുന്നു. ഇതേത്തുടർന്ന് നാലുപേരും കല്ലാച്ചിയിലെ സ്വകാര്യ ആസ്പത്രിയിൽ ചികിത്സ തേടി.
കൂൺ ഭക്ഷ്യയോഗ്യം ആണെങ്കിലും പുതുമഴയിൽ മുളച്ചു പൊന്തുന്നവയിൽ വിഷക്കൂണുകളും ഉൾപ്പെടുന്നു. ചുവന്ന നിറവും ആകൃതിയിലെ വ്യത്യാസവും മനസിലാക്കിയാണ് സാധാരണ ഇവ തിരിച്ചറിയുക. എന്നാൽ ഇത് ശ്രദ്ധിക്കാതെ വരുമ്പോൾ അപകട സാധ്യതയുണ്ട്.