മാലിന്യമാണോ… ഇങ്ങ് കൊണ്ടുവന്നോളൂ എന്നു പറയുന്ന സബീഷ് ഒരത്ഭുത കഥാപാത്രമാണ്. വീട്ടിലെ മാലിന്യം അടുത്ത പറമ്പിലോ വഴിയരികിലോ നിക്ഷേപിച്ച് ‘രക്ഷപ്പെടുന്നവർ’ക്കിടയിലാണ് സ്വന്തമായി മാലിന്യപ്ലാന്റ് സ്ഥാപിച്ചുള്ള സബീഷിന്റെ ഇടപെടൽ. ആലപ്പുഴ തണ്ണീർമുക്കത്തെ ആർ. സബീഷ് മണവേലിയെ സംസ്ഥാനത്തെ ആദ്യ സ്വകാര്യ മാലിന്യ സംസ്‌കരണശാല ഉടമയെന്ന് വിളിക്കാം.
ഭക്ഷണമാലിന്യം യൂസർഫീ ഈടാക്കി വാങ്ങി വളമാക്കിമാറ്റുന്ന സബീഷിന്റെ പ്ലാന്റ് 2023ലാണ് തണ്ണീർമുക്കത്തെ പുതുശേരിയിൽ ആരംഭിച്ചത്. കല്യാണവീടുകളിൽ നിന്ന് മുതൽ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ നിന്നുവരെ ഭക്ഷണാവശിഷ്ടം സ്വീകരിക്കുന്ന സബീഷ് മാലിന്യത്തെ സമ്പത്താക്കി മാറ്റാമെന്ന് (Waste is Wealth) കുറഞ്ഞ കാലംകൊണ്ട് തെളിയിച്ചു. മാസം ലക്ഷം രൂപ വരുമാനമുള്ള ‘മാലിന്യസംസ്‌കരണ സ്റ്റാർട്ടപ്’ എന്നു വിളിക്കാം സബീഷിന്റെ പദ്ധതിയെ.
തോട്ടിൽനിന്ന്
നാട്ടിലേക്ക്
വീടിനു സമീപമുള്ള പറയൻചാൽ വൃത്തിയാക്കാൻ ഫൈബർ ബോട്ടുമായിറങ്ങി പ്ലാസ്റ്റിക് പെറുക്കി തുടങ്ങിയതാണ് സബീഷ്. മാലിന്യപ്പുഴയായ പറയൻചാൽ വൃത്തിയാക്കാനായി തുടങ്ങിയ നാട്ടുകൂട്ടായ്‌മയിൽ നിന്നാണ് സംരംഭത്തിന്റെ പിറവി. എത്ര വൃത്തിയാക്കിയാലും ജലാശയങ്ങളിൽ ഭക്ഷണ മാലിന്യം വന്ന് നിറയുന്നു. കരയിൽ മാലിന്യം സംസ്‌കരിക്കുന്നതാണ് പ്രതിവിധിയെന്ന് കണ്ടാണ് ഈ വഴി തെരഞ്ഞെടുത്തത്.
തോട്ടിലെറിയുന്ന മാലിന്യം സ്ഥലം വാടകയ്‌ക്കെടുത്ത് സ്ഥാപിച്ച മാലിന്യ നിക്ഷേപ കേന്ദ്രത്തിലേക്ക് സ്വീകരിച്ചു. തുടക്കത്തിൽ ആരും യൂസർ ഫീയൊന്നും തന്നില്ല. കുന്നംകുളം നഗരസഭയിലും മറ്റുംപോയി മാലിന്യം വിഘടിപ്പിക്കുക. ചകിരിച്ചോറും ഇനോക്കുലവും കലർത്തി വളമാക്കുക എന്നിവ ശാസ്‌ത്രീയമായി പഠിച്ചു. എസ്.എഫ്.ഐ.യുടെയും ഡി.വൈ.എഫ്.ഐ.യുടെയും ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്റായിരുന്ന സബീഷിന്റെ സദുദ്യമത്തെ നാടാകെ പിന്തുണച്ചു. എറണാകുളത്തെ ഹയാതടക്കം പ്രശസ്‌തമായ വൻകിട സ്ഥാപനങ്ങൾ സബീഷിന്റെ ആത്മാർഥതയും പരിസ്ഥിതി സ്‌നേഹവും തിരിച്ചറിഞ്ഞ് മാലിന്യം കൈമാറുന്നുണ്ട്. ഒരുദിവസം ഒന്നര– രണ്ട് ടൺ ജൈവമാലിന്യമാണ് ശേഖരിക്കുന്നത്.
യൂസർ ഫീ മാത്രം ദിവസം 7500 രൂപ കിട്ടും. ചകിരിച്ചോറും ഇനോക്കുലവുമെല്ലാം ചേർത്താൽ 41 ദിവസത്തിനുള്ളിൽ ഇത് വളമാകും. ഒന്നരടൺ മാലിന്യത്തിൽനിന്ന് 300 കിലോ ജൈവവളം. കിലോയ്‌ക്ക് 30 രൂപയ്‌ക്ക് വളം വിൽക്കുന്നതിലൂടെ ആദായം വേറെയുമുണ്ട്. പന്നി, കോഴി, മത്സ്യം എന്നിവക്ക് തീറ്റയാക്കാവുന്ന പട്ടാളപ്പുഴു വിൽപ്പനയുമുണ്ട്. മാണിക്യമെന്ന പേരിൽ ജൈവവളം വിപണിയിലിറക്കാനുള്ള ശ്രമത്തിലാണിപ്പോൾ ഈ യുവസംരംഭകൻ. 30 രൂപയ്‌ക്ക് ഗ്രോബാഗ് നിറയെ വളമെന്ന സബീഷിന്റെ ക്യാമ്പയിന് കൃഷിക്കാരിൽ നല്ല പ്രതികരണമാണ്. മാലിന്യം തദ്ദേശസ്ഥാപനങ്ങളുടെ തലയിലിടാതെ പഞ്ചായത്തുകൾ തോറും ശാസ്‌ത്രീയമായ രീതിയിൽ സ്വകാര്യപ്ലാന്റ് സ്ഥാപിച്ചാൽ കേരളത്തിലെ മാലിന്യ പ്രശ്‌നം പരിഹരിക്കാമെന്ന് സബീഷ് അനുഭവത്തിൽനിന്ന് പറയുന്നു.