താഴെ തൊണ്ടിയിലെ വെള്ളക്കെട്ടിന് പരിഹാരമായി

പേരാവൂർ: അശാസ്ത്രീയമായ റോഡ് നവീകരണത്തിന്റെ ഭാഗമായി താഴെ തൊണ്ടിയിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വെള്ളക്കെട്ടിന് പരിഹാരമായി. പേരാവൂർ പഞ്ചായത്ത് പത്താം വാർഡംഗം നൂറുദ്ദീൻ മുള്ളേരിക്കലിന്റെ നേതൃത്വത്തിൽ സമീപവാസികളായ കെ.എം. സ്റ്റാനി, അജിത്ത്കുമാർ, സ്റ്റീഫൻ മേസ്ത്രി, പൗലോസ് വടക്കും ചേരി, സുമേഷ് തുടങ്ങിയവർ ചേർന്ന് താത്കാലിക ഓവുചാൽ നിർമിച്ച് മഴവെള്ളം പുഴയിലേക്കൊഴുകാൻ വഴിയൊരുക്കി.
മണ്ണ് മാന്തി യന്ത്രം കൊണ്ട് ഓവുചാലുണ്ടാക്കി അതിൽ പൈപ്പ് സ്ഥാപിച്ചാണ് റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കിയത്. പൊതുമരാമത്ത് വകുപ്പധികൃതരുടെ അനാസ്ഥ കാരണമാണ് ഈ ഭാഗത്ത് ഓവുചാലുകൾ നിർമിക്കാതിരിക്കാൻ കാരണമെന്ന് വ്യാപാരികളും സമീപവാസികളും ആരോപിക്കുന്നു.