വരുന്നു കെ.എസ്.ആർ.ടി.സി.യുടെ എ.സി സൂപ്പർ ഫാസ്‌റ്റ് പ്രീമിയം

തിരുവനന്തപുരം : എ.സി സൂപ്പർ ഫാസ്‌റ്റ് പ്രീമിയം സർവീസ് തുടങ്ങാൻ കെ.എസ്.ആർ.ടി.സി. ടാറ്റയുടെ ബസ് പരീക്ഷണ ഓട്ടത്തിനായി എത്തിച്ചു. അടുത്തദിവസം തിരുവനന്തപുരം–എറണാകുളം റൂട്ടിലായിരിക്കും പരീക്ഷണ ഓട്ടം. വിജയമാണെന്ന് കണ്ടാൽ കൂടുതൽ ബസുകൾ വാങ്ങും. നിലവിൽ ഈ ക്ലാസിൽ സർവീസുകളൊന്നും കെ.എസ്.ആർ.ടി.സി നടത്തുന്നില്ല. അതിനാൽ പുതിയ ടിക്കറ്റ് നിരക്ക് ഏർപ്പെടുത്തും. ഏറ്റവും കൂടുതൽ യാത്രക്കാരുള്ള റൂട്ടാണ് തിരുവനന്തപുരം–കോഴിക്കോട്, കോഴിക്കോട്–തിരുവനന്തപുരം.
പത്ത് ബസുകൾ വാങ്ങുന്നതിനുള്ള നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. ബസിൽ 40 സീറ്റുകളാണുള്ളത്. സീറ്റുകൾക്കുള്ള യാത്രക്കാരെ കിട്ടിയാൽ നോൺ സ്‌റ്റോപ്പായി സർവീസ് നടത്തും. ഉദാഹരണമായി തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക് പോകുന്ന ബസിൽ നാൽപ്പത് പേരും അതേ സ്ഥലത്തേക്കാണ് ടിക്കറ്റ് എടുത്തിട്ടുള്ളതെങ്കിൽ മറ്റ് എവിടെയും സ്‌റ്റോപ്പ് ഉണ്ടാകില്ല. നിന്ന് യാത്ര ചെയ്യാൻ അനുവദിക്കില്ല. കാർ യാത്രക്കാരെയും ബിസിനസ് യാത്രക്കാരെയും ആകർഷിക്കുകയാണ് ലക്ഷ്യം. ഒരുമാസം മുൻപ് വരെയുള്ള ടിക്കറ്റ് മുൻകൂട്ടി റിസർവ് ചെയ്യാനുള്ള സൗകര്യവുമുണ്ടാകും. സംസ്ഥാനത്തിനകത്ത് മാത്രമായിരിക്കും സർവീസ്.
വിവിധ ജില്ലകളിലേക്ക് സർവീസ് നടത്തുന്ന 23 മിന്നൽ സർവീസുകളും മുഖം മിനുക്കി തുടങ്ങി. ഫിറ്റ്‌നസ് ടെസ്‌റ്റിന് കയറ്റുന്ന ബസുകൾക്ക് പെയിന്റടിച്ചും പുഷ്‌ബാക്ക് സീറ്റുകൾ ഒരേനിറത്തിലാക്കിയുമാണ് പുറത്തിറക്കുന്നത്. കൂടുതൽ യാത്രക്കാരെ ആകർഷിക്കുന്നതിന്റെ ഭാഗമാണ് നടപടി.