ആര്‍.സി.ബുക്ക് വരവ് വൈകുന്നു; പൂട്ടുവീഴുന്ന സെക്കന്‍ഡ് ഹാന്‍ഡ് വാഹന വിപണി

തിരുവനന്തപുരം: വാഹനം വാങ്ങുന്നവര്‍ക്കും കൈമാറ്റം ചെയ്യുന്നവര്‍ക്കും ഉടന്‍ ലഭിക്കേണ്ട ആര്‍.സി. ബുക്കുകളുടെ വിതരണം അനിശ്ചിതത്വത്തിലായതോടെ സെക്കന്‍ഡ് ഹാന്‍ഡ് വാഹന വിപണിയില്‍ പ്രതിസന്ധി. ആര്‍.സി. ബുക്കുകള്‍ ലഭിക്കുന്നതിലുണ്ടാവുന്ന കാലതാമസം മൂലം വില്പന വന്‍തോതില്‍ കുറഞ്ഞതായി വ്യാപാരികള്‍ പറയുന്നു. വില്‍പ്പന കുറഞ്ഞതോടെ നിരവധി സ്ഥാപനങ്ങള്‍ പൂട്ടല്‍ ഭീഷണിയിലാണ്.
സംസ്ഥാനത്തെ ആര്‍.ടി. ഓഫീസുകളില്‍ ലക്ഷക്കണക്കിന് ആര്‍.സി. കൈമാറ്റ അപേക്ഷകളാണ് നടപടിയൊന്നുമില്ലാതെ കെട്ടിക്കിടക്കുന്നതെന്ന് വ്യാപാരികള്‍ പറയുന്നു. ആര്‍.സി. പ്രിന്റിങ് ആര്‍.ടി.ഓഫീസില്‍ നിന്ന് മാറ്റിയതോടെയാണ് കാലതാമസം ഏറിയത്. ആര്‍.സി. ബുക്കുകള്‍ ലഭിക്കാതായതോടെ ടാക്‌സി വാഹനങ്ങള്‍ സര്‍വീസ് നിര്‍ത്തിവെക്കേണ്ട സ്ഥിതിയിലാണ്.
ബന്ധപ്പെട്ട അധികൃതര്‍ക്ക് ആര്‍.സി. സമര്‍പ്പിച്ചാല്‍ മാത്രമേ വാഹനങ്ങള്‍ക്ക് ഇതരസംസ്ഥാന പെര്‍മിറ്റ് ലഭിക്കയുള്ളൂ. ഇന്‍ഷുറന്‍സ് ട്രാന്‍സ്ഫര്‍, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് എന്നിവ ലഭിക്കുന്നതിനുള്ള അപേക്ഷ നല്‍കുന്നതിനും വാഹനം വാങ്ങിയ ആളുടെ പേരിലുള്ള ആര്‍.സി. ബുക്കുകള്‍ സമര്‍പ്പിക്കണം.
പ്രശ്‌നപരിഹാരമാവശ്യപ്പെട്ട് നല്‍കിയ പരാതികളില്‍ നടപടിയുണ്ടാവാത്തതോടെ വ്യാപാരികള്‍ സമരം നടത്തും. 21-ന് കടകളടച്ചിട്ട് രാവിലെ 10-മുതല്‍ സംസ്ഥാനത്തെ എല്ലാ ജില്ലാ ആര്‍.ടി. ഓഫീസുകളിലേക്കും മാര്‍ച്ചും തുടര്‍ന്ന് ധര്‍ണയും നടത്തുമെന്ന് കേരള യൂസ്ഡ് വെഹിക്കിള്‍ ഡീലേഴ്‌സ് ആന്‍ഡ് ബ്രോക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് അനില്‍ വര്‍ഗീസ്, ജനറല്‍ സെക്രട്ടറി സോണി വലിയകാപ്പില്‍ എന്നിവര്‍ പറഞ്ഞു.
ആര്‍.സി. ബുക്കിനായി ഉടമകളില്‍ നിന്ന് ഈടാക്കുന്ന 245 രൂപ മോട്ടോര്‍ വാഹനവകുപ്പ് മാറ്റി ചെലവഴിക്കുന്നതായും വ്യാപാരികള്‍ ആരോപിച്ചു. മുന്‍കാലങ്ങളിലെപ്പോലെ ആര്‍.ടി.ഓഫീസുകളില്‍ ആര്‍.സി. ബുക്കുകള്‍ പ്രിന്റ് ചെയ്ത് നല്‍കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നും വ്യാപാരികള്‍ ആവശ്യപ്പെട്ടു.