ബിടെക്‌ വിദ്യാര്‍ഥികള്‍ക്ക് ഇനി മുതല്‍ എ.ഐ പഠിക്കാം

Share our post

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷം മുതൽ ആരംഭിക്കുന്ന ബിടെക് കോഴ്സുകളിൽ നിർമിത ബുദ്ധി (എഐ) പഠിപ്പിക്കാൻ തീരുമാനം. എ.പി.ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാല കരിക്കുലം കമ്മിറ്റിയുടെ കരട് റിപ്പോർട്ടിലാണ് പുതിയ നിർദേശം. അക്കാദമിക് കൗൺസിൽ, സിൻഡിക്കറ്റ് എന്നിവയുടെ അനുമതി ലഭിച്ചാൽ ആ​ഗസ്തിൽ ആരംഭിക്കുന്ന ഈ അധ്യയന വർഷത്തിൽ പരിഷ്കരണം നടപ്പാക്കും.

പുതുതലമുറ കോഴ്സുകളിലൂടെ പുതിയ തൊഴിൽ സാധ്യതകളിലേക്ക് വിദ്യാർഥികളെ നയിക്കുകയാണ് പരിഷ്കരണത്തിന്റെ ലക്ഷ്യം. ആദ്യ സെമസ്റ്ററിലാകും എ.ഐ, ഡാറ്റാ സയൻസ് തുടങ്ങിയ കോഴ്സുകൾ പഠിപ്പിക്കുക. നാഷണൽ അസോസിയേഷൻ ഓഫ് സോഫ്റ്റ്‌വെയർ ആൻഡ് സർവീസ് കമ്പനിയുടെ (നാസ്കോം) സഹകരണത്തിലാകുമിത്‌.

കണക്ക്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങൾ അതതു ബ്രാഞ്ചിന് അനുയോജ്യമായ വിധത്തിൽ മാറ്റംവരുത്തും. നിലവിൽ എല്ലാ ബ്രാഞ്ചിലും ഒരേ തരത്തിലാണ് ​ഗണിതശാസ്ത്ര വിഷയം സിലബസിലുള്ളത്. ഇതിൽ മാറ്റംവരുന്നതോടെ വിദ്യാർഥികളുടെ പഠനഭാരവും കുറയും. ഏഴ്, എട്ട് സെമസ്റ്ററുകളിൽ പൂർണമായോ ഭാ​ഗികമായോ ഇന്റേൺഷിപ്പിനായി ചെലവഴിക്കാം. നിലവിൽ എട്ടാമത്തെ സെമസ്റ്ററിൽ മാത്രമാണ് ഇന്റേൺഷിപ്പുള്ളത്. ഈ കാലയളവിൽ ഓൺലൈനായിട്ട് ക്ലാസിൽ പങ്കെടുക്കാനും സാധിക്കും.

ജോലി പ്രവേശന സാധ്യതയും വർധിപ്പിക്കും. വിദ്യാർഥികൾക്ക് സ്വതന്ത്രപഠനത്തിന് അവസരമൊരുക്കുന്ന തരത്തിലാണ് മറ്റ് പരിഷ്കരണങ്ങൾ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!