കുറ്റ്യാടിയില്‍ വയോധിക മരണപ്പെട്ടു; ചെറുമകന്റെ മര്‍ദ്ദനത്തെ തുടര്‍ന്നെന്ന് ആരോപണം

Share our post

കുറ്റ്യാടി: കുറ്റ്യാടിയിൽ ചെറുമകന്റെ മർദ്ദനത്തെ തുടർന്ന് വയോധിക മരണപ്പെട്ടതായി ആരോപണം. വടയം മാവുള്ള ചാൽ കോളനിയലെ കദീജ ഉമ്മയാണ് മരിച്ചത്. ലഹരി വസ്തുക്കൾ ഉപയോഗിച്ചെത്തിയ ചെറുമകൻ ബഷീർ ഖദീജയെ മർദ്ദിക്കുകയും ചവിട്ടുകയും ചെയ്തിരുന്നു. രാത്രി ഒമ്പതുമണിയോടെയാണ് ഖദീജ മരണപ്പെടുന്നത്.

ഊരത്ത് മാവുള്ള ചാലിലുള്ള മകൾ ഫാത്തിമയുടെ വീട്ടിൽവെച്ചാണ് മരണം സംഭവിച്ചത്. ഫാത്തിമയുടെ മകൻ ബഷീർ ഖദീജയെ പണം ആവശ്യപ്പെട്ട് നിരന്തരം ശല്യം ചെയ്യാറുണ്ടായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. ഇന്നും പണം ചോദിച്ച് കൈപിടിച്ച് വട്ടം കറക്കിയിരുന്നെന്ന് ഫാത്തിമ പറഞ്ഞു. ബഷീറിന്റെ മർദ്ദനത്തെ തുടർന്ന് അവശനിലയിലായ ഖദീജയെ കുറ്റ്യാടി താലൂക്ക് ആസ്പത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. മകൻ ലഹരിക്കടിമയായിരുന്നെന്നും ഇവർ പറയുന്നു.

ബഷീർ ഒളിവിലാണ്. മൃതദേഹം കുറ്റ്യാടി ഗവ. ആസ്പത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കുറ്റ്യാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കി.

മക്കൾ: പരേതയായ ഖദീജ പനമരം, ഫാത്തിമ, നബീസ അടുക്കത്ത്, അബൂബക്കർ, കാസർകോട്, മൊയ്‌തീൻ വെള്ളമുണ്ട്, ബീവി കാടാമ്പുഴ. മരുമക്കൾ: പരേതനായ മുഹമ്മദ്, സുഹറ, റാബിയ, അബ്‌ദുറഹ്‌മാൻ


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!