റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കലിക്കറ്റ് സര്‍വകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ആർ.ബിന്ദു

Share our post

മലപ്പുറം : റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച കലിക്കറ്റ് സര്‍വകലാശാല. 23 പ്രവൃത്തിദിവസം കൊണ്ടാണ് ആറാം സെമസ്റ്റര്‍ ബിരുദപരീക്ഷാഫലം സര്‍വകലാശാല പ്രഖ്യാപിച്ച് ചരിത്രം കുറിച്ചത്. കലിക്കറ്റിന്റേത് ചരിത്രനേട്ടമാണെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.

ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ പരീക്ഷയ്ക്കിരുത്തുന്ന കലിക്കറ്റ് സര്‍വകലാശാല പരീക്ഷാ നടപടിക്രമങ്ങള്‍ ആധുനികവത്കരിച്ചാണ് ഈ കുതിപ്പ് നടത്തിയിരിക്കുന്നത്. ഫാള്‍സ് നമ്പറിങ് ഒഴിവാക്കാന്‍ ഉത്തരക്കടലാസിലെ ബാര്‍കോഡിങ്, ക്യാമ്പുകളിലേക്ക് ഉത്തരക്കടലാസെത്തിക്കാന്‍ തപാല്‍വകുപ്പുമായി സഹകരണം, മാര്‍ക്ക് രേഖപ്പെടുത്താന്‍ ആപ്പ്, ഉത്തരക്കടലാസുകള്‍ സുരക്ഷിതമായി സൂക്ഷിക്കാനും പുനര്‍മൂല്യനിര്‍ണയത്തിനായി എളുപ്പത്തില്‍ തിരിച്ചെടുക്കാനും ഡിജിറ്റല്‍ സ്റ്റോറേജ്, സെന്റര്‍ ഫോര്‍ എക്‌സാം ഓട്ടോമേഷന്‍ ആന്റ് മാനേജ്‌മെന്റ് സംവിധാനം എന്നിവയിലൂടെയാണ് സർവകലാശാല മികവ് കൈവരിച്ചത്.

സാങ്കേതികവിദ്യയ്‌ക്കൊപ്പം അധ്യാപകരും ജീവനക്കാരും ജോലികള്‍ യഥാസമയം ചെയ്തതും അതിവേഗ ഫലപ്രഖ്യാപനത്തിന് സഹായകമായി. അധ്യാപകരേയും ജീവനക്കാരെയും മന്ത്രി അഭിനന്ദിച്ചു. ഫലം സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്. ജൂണ്‍ ആദ്യവാരത്തോടെ ഗ്രേഡ് കാര്‍ഡ് വിതരണം തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!