സഞ്ചാര്‍ സാഥി പ്രയോജനപ്പെട്ടു; ഒരുവര്‍ഷം കൊണ്ട് 1.7 കോടി കണക്ഷനുകള്‍ റദ്ദാക്കി ടെലികോം വകുപ്പ്

ന്യൂഡൽഹി: കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 1.7 കോടി ടെലിഫോൺ കണക്ഷനുകള്‍ വിച്ഛേദിച്ചതായി കേന്ദ്ര ടെലികോം വകുപ്പ്. ലോക ടെലികമ്മ്യൂണിക്കേഷന്‍, ഇന്‍ഫര്‍മേഷന്‍ സൊസൈറ്റി ദിനത്തോട് അനുബന്ധിച്ചാണ് മന്ത്രാലയം ഈ കണക്കുകള്‍ പുറത്തുവിട്ടത്. തട്ടിപ്പുകള്‍ക്ക് ഉപയോഗിച്ച കണക്ഷനുകളും വ്യാജ രേഖകള്‍ നല്‍കി എടുത്ത മൊബൈല്‍ കണക്ഷനുകളും ഇതില്‍ ഉള്‍പ്പെടും. ടെലികോം വകുപ്പ് ആരംഭിച്ച സഞ്ചാര്‍ സാഥി വെബ്‌സൈറ്റിന്റെ സഹായത്തോടെ ശേഖരിച്ച വിവരങ്ങളുടെയും പരാതികളുടെയും അടിസ്ഥാനത്തിലാണ് ഈ കണക്ഷനുകള്‍ക്കെതിരെ നടപടി സ്വീകരിച്ചത്.
ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്റര്‍, കേന്ദ്ര ആഭ്യന്തരമന്ത്രാലയം, നിയമനിര്‍വഹണ ഏജന്‍സികള്‍, ബാങ്കുകള്‍, ഐആര്‍സിടിസി പോലുള്ള സ്ഥാപനങ്ങളില്‍ നിന്നുള്ള പരാതികളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ 8.62 ലക്ഷം കണക്ഷനുകളാണ് റദ്ദാക്കിയത്. വ്യക്തിഗത സിം കാര്‍ഡ് പിരിധി കവിഞ്ഞതിന് 53.86 ലക്ഷം കണക്ഷനുകള്‍ നീക്കം ചെയതു.
ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ പേരില്‍ അപരിചിതമായ കണക്ഷനുകള്‍ ഉണ്ടോ എന്നറിയാനുള്ള സൗകര്യം സഞ്ചാര്‍ സാഥി പോര്‍ട്ടല്‍ ഒരുക്കിയിരുന്നു. സൗകര്യം ഉപയോഗിച്ച് തന്റേതല്ലെന്ന് ഉപഭോക്താക്കള്‍ അറിയിച്ച 32.18 ലക്ഷം നമ്പറുകള്‍ നീക്കം ചെയ്തു. മുമ്പ് പലപ്പോഴായി എടുത്തതും ഇപ്പോള്‍ ഉപയോഗത്തില്‍ ഇല്ലാത്തതുമായ കണക്ഷനുകള്‍ ഉപഭോക്താക്കള്‍ ആവശ്യമില്ലെന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ 11.57 ലക്ഷം കണക്ഷനുകളും നീക്കം ചെയ്തവയിലുണ്ട്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്ന വ്യാജേന +92 എന്ന നമ്പറില്‍ തുടങ്ങുന്ന നമ്പറില്‍ നിന്ന് വിളിച്ച് സൈബര്‍ തട്ടിപ്പുകള്‍ നടത്തിയ 577 കണക്ഷനുകള്‍ നീക്കം ചെയ്തു. സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന 1.86 ലക്ഷം മൊബൈല്‍ ഫോണുകളും ബ്ലോക്ക് ചെയ്തു. വ്യാജ നമ്പറുകള്‍ ഉപയോഗിച്ച് നിര്‍മിച്ച 6.10 ലക്ഷം വാട്‌സാപ്പ് നമ്പറുകളും നീക്കം ചെയ്തു. തട്ടിപ്പുകള്‍ക്ക് ഉപയോഗിച്ചിരുന്ന 6.10 ലക്ഷം പേമെന്റ് വാലറ്റുകളും ബാങ്ക് അക്കൗണ്ടുകളും നീക്കം ചെയ്തിട്ടുണ്ട്.
ഇതില്‍ എ.എസ്ടി.ആര്‍ എന്ന എ.ഐ ഫേഷ്യല്‍ ഡിറ്റക്ഷന്‍ സംവിധാനം ഉപയോഗിച്ചാണ് ഏറ്റവും കൂടുതല്‍ അക്കൗണ്ടുകള്‍ നീക്കം ചെയ്തത്. ഒരാളുടെ തന്നെ ഫോട്ടോയില്‍ വ്യാജ പേരും രേഖകളും ഉപയോഗിച്ച് നിര്‍മിച്ച അക്കൗണ്ടുകള്‍ കണ്ടെത്താന്‍ ഈ സംവിധാനം ഉപയോഗിച്ച് സാധിക്കും. ചിത്രങ്ങളുടെ സാമ്യത പരിശോധിച്ചാണ് ഇത് ചെയ്യുന്നത്.