ഇവിടെ ഉണർന്നിരിക്കുന്നു നായനാർ സ്‌മൃതികൾ

കണ്ണൂർ : ജനഹൃദയങ്ങളിൽ ഇന്നും ജീവിക്കുന്ന പ്രിയ നേതാവിന്റെ ജീവിതത്തിലൂടെയും സമരപോരാട്ടങ്ങളിലൂടെയും ഒരു യാത്ര. കണ്ണൂർ ബർണശേരി ഇ.കെ. നായനാർ അക്കാദമിയിലെ ഇ.കെ. നായനാർ മ്യൂസിയത്തിൽ സന്ദർശകരെ കാത്തിരിക്കുന്നത് കാഴ്‌ചയോടൊപ്പം ചരിത്ര സ്‌മൃതികളുണർത്തുന്ന ഹൃദ്യമായ അനുഭവം.
മർദ്ദിതരുടെ പോരാട്ടവീര്യത്തെ അടയാളപ്പെടുത്തുന്ന ‘ഉയരും മുഷ്ടി’ അഭിവാദനശിൽപ്പമാണ് സന്ദർശകരെ ആദ്യം വരവേൽക്കുന്നത്. നായനാരുമായി നേരിട്ട് സംവദിക്കാവുന്ന നൂതന ഇൻസ്‌റ്റലേഷനാണ് മ്യൂസിയത്തിലെ പ്രധാന ആകർഷണം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള ഹോളോലെൻസ് പ്രൊജക്ഷനിലൂടെ നായനാരുമായി നേരിട്ട് സംസാരിക്കാം. മ്യൂസിയത്തിനുവേണ്ടി പ്രത്യേകം വികസിപ്പിച്ചെടുത്ത ഈ പ്രൊജക്ഷൻ നായനാരുടെ സാന്നിധ്യം പുനഃസൃഷ്ടിക്കാനുള്ള ശ്രമമാണ്.
ജനനം മുതൽ അന്ത്യയാത്രവരെയുൾപ്പെടുന്ന ജീവിതം വിശാലമായ ക്യാൻവാസിൽ വരച്ചുകാട്ടുന്ന ‘ഇ.കെ. നായനാരുടെ ജീവിതവും കാലവും: ചുവർചിത്രം’ മ്യൂസിയത്തിലുണ്ട്. നായനാർ ഉപയോഗിച്ച എഴുത്തുമേശ, പെഡസ്റ്റൽ ഫാൻ, റേഡിയോ, ടെലിവിഷൻ തുടങ്ങിയവയെല്ലാം അദ്ദേഹത്തിന്റെ മുറിയിലെന്നപോലെ സജ്ജീകരിച്ചിട്ടുണ്ട്. അദ്ദേഹം രചിച്ച 71 പുസ്‌തകങ്ങളെക്കുറിച്ചും ലേഖനങ്ങളെക്കുറിച്ചുമുള്ള വിവരങ്ങൾ ഉൾപ്പെടുത്തിയ ടച്ച് സ്‌ക്രീനും നായനാരുടെ ജീവിതത്തിലെ നിമിഷങ്ങളും അഭിമുഖങ്ങളും ഉൾപ്പെടുത്തിയ ഡോക്യുമെന്ററിയും ടെലിവിഷൻ ചാനലിലൂടെ സംപ്രേഷണം ചെയ്ത ‘മുഖ്യമന്ത്രിയോട് ചോദിക്കാം’ പരിപാടിയുടെ ഭാഗങ്ങളും പ്രദർശനത്തിലുണ്ട്.
രക്തസാക്ഷികളെ ഓർമിപ്പിക്കുന്ന അഗ്നിപ്പറവകളും കർഷകർ, തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, സ്ത്രീകൾ, വിദ്യാർഥികൾ, സാധാരണക്കാർ എന്നിവരുടെ മുഖങ്ങൾ ഉൾക്കൊള്ളുന്ന മുഖത്തളവും ഒരുക്കിയിട്ടുണ്ട്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വർഗസമരങ്ങളും ചരിത്രസംഭവങ്ങളും ഉൾക്കൊള്ളുന്ന ‘ചരിത്രം സചിത്രം’ ഹ്രസ്വചലച്ചിത്ര പ്രദർശനവുമുണ്ട്. ഇ.എം.എസ്, എ.കെ.ജി, പി. കൃഷ്ണപിള്ള തുടങ്ങിയ കമ്യൂണിസ്‌റ്റ് നേതാക്കളുടെ ജീവിത ചിത്രങ്ങളും മ്യൂസിയത്തിലുണ്ട്.