കൊട്ടിയൂർ വൈശാഖ ഉത്സവം; എസ്.പി യുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ യോഗം

കൊട്ടിയൂർ: വൈശാഖ മഹോത്സവത്തിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി കണ്ണൂർ റൂറൽ എസ്.പി.എം. ഹേമലതയുടെ നേതൃത്വത്തിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം നടന്നു. ഇക്കരെ കൊട്ടിയൂർ ക്ഷേത്ര പരിസരത്ത് നടന്ന യോഗത്തിൽ എൽ. ആർ തഹസിൽദാർ എം. ലക്ഷ്മണൻ, കണിച്ചാർ, കൊട്ടിയൂർ, കേളകം പഞ്ചയാത്ത് പ്രസിഡന്റുമാരായ ആന്റണി സെബാസ്റ്റ്യൻ, റോയ് നമ്പുടാകം, സി.ടി. അനീഷ്, കൊട്ടിയൂർ ദേവസ്വം ചെയർമാൻ കെ.സി. സുബ്രഹ്‌മണ്യൻ നായർ, അഡ്വ. കമ്മീഷണർ പ്രദീപ് കുമാർ, എക്‌സിക്യൂട്ടീവ് ഓഫീസർ ഗോകുൽ, പേരാവൂർ ഡി.വൈ.എസ്.പി അഷറഫ് തൈക്കലക്കണ്ടി, സ്‌പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്പി സി.ബി, കേളകം എസ്എച്ച്ഒ പ്രവീൺ കുമാർ, എസ്.ഐ മിനിമോൾ എന്നിവർ സംസാരിച്ചു.
യോഗത്തിൽ ആരോഗ്യം, എക്‌സൈസ്, പോലീസ്, കെ.എസ്.ഇ.ബി, ടെലികോം, വനം, ഫയർ, കെ.എസ്.ആർ.ടിസി എന്നീ വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു. എന്നാൽ ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തില്ല.
ഉത്സവ പരിസരം യാചക നിരോധന മേഖലയാക്കാനും , സൂചന ബോർഡുകൾ സ്ഥാപിക്കാനും , മലയാളം, കന്നഡ, ഇംഗ്ലീഷ് എന്നീ മൂന്ന് ഭാഷയിൽ അനൗൺസ്‌മെന്റ് നടത്താനും, അക്കരെ കൊട്ടിയൂരിൽ ഫയർഫോഴ്‌സിന്റെ സേവനം ലഭ്യമാക്കാനും എസ്. പി യോഗത്തിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഉത്സവ നഗരിയിൽ മുഴുവൻ ഇടങ്ങളിലും നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാനും മാവോയിസ്റ്റുകളെ തിരിച്ചറിയാൻ ലൂക്ക് ഔട്ട് നോട്ടീസ് പോസ്റ്റർ വിവിധയിടങ്ങളിൽ പതിക്കുക തുടങ്ങിയ വിവിധ നിർദ്ദേശങ്ങളും ഇതോടൊപ്പം നൽകിയിട്ടുണ്ട്.