ഗാഥ പരീക്ഷ വിജയമാഘോഷിച്ചത് കാന്‍സര്‍ രോഗികള്‍ക്ക് മുടി നല്‍കിയിട്ട്

കുറ്റ്യാടി: എസ്.എസ്.എൽ.സി. പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയതിന്റെ സന്തോഷം വിദ്യാർഥിനി പങ്കുവെച്ചത് കാൻസർ രോഗികൾക്ക് മുടിനൽകിക്കൊണ്ട്. ചാത്തങ്കോട്ടുനട എ.ജെ. ജോൺ മെമ്മോറിയൽ ഹയർസെക്കൻഡറി സ്‌കൂളിലെ ഗാഥാ രജീഷാണ് കാൻസർ രോഗികൾക്ക് തന്റെ മുടി ദാനംചെയ്‌തത്. സ്‌കൂളിലെ സൂപ്പർ സീനിയർ എസ്.പി.സി. ക്യാപ്റ്റൻ കൂടിയാണ് ഗാഥ. തൃശ്ശൂർ അമല ആസ്പത്രിയിലേക്ക് കൊറിയർവഴിയാണ് മുടി അയച്ചുകൊടുത്തത്. കായക്കൊടി പഞ്ചായത്തിലെ അഞ്ചാംവാർഡിൽ പുന്നത്തോട്ടം രജീഷ്-ലോലിത ദമ്പതിമാരുടെ മകളാണ് ഗാഥ. കീമോതെറാപ്പിയെത്തുടർന്ന് മുടി നഷ്‌ടമാകുന്ന കാൻസർ രോഗികൾക്ക് വിഗ്ഗുണ്ടാക്കാനാണ് മുടി ഉപയോഗിക്കുക. രോഗികൾക്ക് വലിയ ആശ്വാസമാണിത്.
“എ പ്ലസ് ലഭിച്ച സന്തോഷം വ്യത്യസ്‌തമായ രീതിയിൽ പങ്കുവെക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു. കാൻസർ രോഗികൾക്ക് മുടി ദാനം ചെയ്യുന്നതിനെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. എന്തുകൊണ്ട് തനിക്കും കാൻസർ രോഗികൾക്ക് മുടിനൽകിക്കൂടാ എന്നു തോന്നി. അച്ഛനോടും അമ്മയോടും ഇത് പറഞ്ഞപ്പോൾ അവർക്കും സമ്മതം. പിന്നെ രണ്ടാമതൊന്ന് ചിന്തിച്ചില്ല. മുടി മുറിച്ച് കൊറിയർവഴി അയച്ചു.” -ഗാഥ പറഞ്ഞു. വളരെ കാര്യമായി കൊണ്ടുനടന്ന മുടിയാണ് ഗാഥ മുറിച്ചു നൽകിയത്.
ഗാഥയുടെ മനോഭാവം മറ്റു കുട്ടികൾക്കും പ്രചോദനമാകട്ടെയെന്ന് സ്കൂൾ പ്രഥമാധ്യാപിക ജയ ജെയ്‌സൻ പറഞ്ഞു. മകൾ ചെറുപ്പത്തിലേ ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കാളിയാകുന്നതിൽ സന്തോഷമുണ്ടെന്ന് പെയിന്റിങ് തൊഴിലാളിയായ അച്ഛൻ രജീഷ് പറഞ്ഞു. അമ്മ ലോലിത കായക്കൊടി എള്ളിക്കാംപാറ എൽ.പി. സ്‌കൂൾ അധ്യാപികയാണ്. ആറാംക്ലാസ് വിദ്യാർഥി ഗൗതം ഘോഷ്, ടി.ടി.സി. വിദ്യാർഥിനി ഗായത്രി എന്നിവരാണ് ഗാഥയുടെ സഹോദരങ്ങൾ.