ആരാണ്‌ അടുത്ത കെ.പി.സി.സി അധ്യക്ഷൻ; കച്ചകെട്ടി സണ്ണി ജോസഫും അടൂർ പ്രകാശും

Share our post

തിരുവനന്തപുരം : അടുത്ത കെ.പി.സി.സി അധ്യക്ഷനെച്ചൊല്ലിയുള്ള ചർച്ച സജീവം. തെരഞ്ഞെടുപ്പ് ഫലം നിർണായക സ്വാധീനം ചെലുത്തുമെങ്കിലും വിവിധ ഗ്രൂപ്പുകൾ സാമുദായിക അടിസ്ഥാനത്തിൽത്തന്നെ പുതിയ പ്രസിഡന്റുമാരെ കണ്ടെത്തിക്കഴിഞ്ഞു. കത്തോലിക്കാ സമുദായത്തിൽ നിന്ന്‌ വേണം പുതിയ അധ്യക്ഷനെന്ന വാദത്തിന്‌ പിന്തുണ കിട്ടിയാൽ പേരാവൂർ എം.എൽ.എ സണ്ണി ജോസഫിനെയാക്കാനുള്ള കരുനീക്കം തുടങ്ങി. അതല്ല സുധാകരൻ മാറുന്നതിനാൽ അതേ സമുദായത്തിൽ നിന്നു തന്നെയുള്ള ആളെന്ന നിലയിൽ അടൂർ പ്രകാശിനെ അവരോധിക്കാനുള്ള ശ്രമവും സജീവമാണ്‌. ‘താനെന്താ പ്രസിഡന്റാകാൻ അയോഗ്യനാണോ’ എന്ന്‌ അടൂർ പ്രകാശ്‌ പ്രതികരിച്ചും കഴിഞ്ഞു. 

റോമൻ കത്തോലിക്കാ സമുദായത്തിൽ നിന്ന്‌ വേണം പ്രസിഡന്റ്‌ എന്നത്‌ എ ഗ്രൂപ്പിന്റെ നിർദേശമാണ്‌. കേരളത്തിലെ ക്രൈസ്തവ സമുദായത്തിന്റെ പിന്തുണ യു.ഡി.എഫിന്‌ നഷ്ടപ്പെട്ടതിനു കാരണം ഈ വിഭാഗത്തിൽ നിന്ന്‌ നേതൃനിരയിൽ ആളില്ലെന്നതാണെന്നാണ്‌ ഇവരുടെ വാദം. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ക്രൈസ്തവ മേഖലയിൽനിന്ന്‌ കാര്യമായ സഹായം കിട്ടിയില്ലെന്നാണ്‌ യു.ഡി.എഫ്‌ വിലയിരുത്തൽ.

പൊതുവിൽ എല്ലാവരെയും സൗഹാർദത്തിൽ കൊണ്ടുപോകാൻ സണ്ണിക്ക്‌ കഴിയുമെന്നാണ്‌ മുതിർന്ന നേതാക്കളുടെ വിലയിരുത്തലെങ്കിലും കടുത്ത എതിർപ്പുയർത്തുകയാണ്‌ മറുവിഭാഗം. ചെറുപ്പക്കാർക്ക്‌ അവസരം കൊടുക്കണമെന്നും അങ്കമാലി എം.എൽ.എ റോജി.എം. ജോണിനെ അധ്യക്ഷനാക്കണമെന്ന വാദവും സജീവമാണ്‌. ദളിത്‌ പിന്നാക്ക മേഖലയിൽനിന്ന്‌ പ്രസിഡന്റാകാമെന്ന അഭിപ്രായമുള്ളവർ കൊടിക്കുന്നിൽ സുരേഷിനെയും ഉയർത്തിക്കാട്ടുന്നുണ്ട്‌.

തെരഞ്ഞെടുപ്പുകാലത്ത്‌ സംഘടനയെ കൂട്ടായി നയിച്ച എം.എം. ഹസ്സന്‌ അവസരം നൽകണം, രമേശ്‌ ചെന്നിത്തലയെത്തന്നെ വീണ്ടും അധ്യക്ഷനാക്കി പാർടി ശക്തമാക്കണം, വി.ടി. ബൽറാം, മാത്യു കുഴൽനാടൻ തുടങ്ങി പുതിയ നിരയിലുള്ളവരെ പരിഗണിക്കണം തുടങ്ങി ചർച്ചകളും തകർക്കുന്നുണ്ട്‌.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!