കൂത്തുപറമ്പ് താലൂക്ക് ആസ്പത്രി: ഡയാലിസിസ് സെൻ്ററിൽ മൂന്ന് ഷിഫ്റ്റ് ഒരുക്കാൻ നഗരസഭ

കൂത്തുപറമ്പ്: താലൂക്ക് ആസ്പത്രിയിലെ ഡയാലിസിസ് സെന്ററിന്റെ പ്രവർത്തനം വിപുലികരിക്കാനുള്ള പ്രവർത്തനങ്ങളുമായി നഗരസഭ. നഗരസഭയുടെ കീഴിലുള്ള ജീവനം കിഡ്നി പേഷ്യന്റ് വെല്‍ഫെയർ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഉദാരമതികളുടെ സഹായത്തോടെയാണ് മൂന്നാം ഷിഫ്റ്റ് ഉള്‍പ്പെടെയുള്ള പ്രവർത്തനം ആരംഭിക്കുക.
ഇതിന്റെ ഭാഗമായി നഗരസഭയിലെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലകളില്‍ പ്രവർത്തിക്കുന്നവരുടെയും വ്യാപാര വ്യവസായ വിദ്യാഭ്യാസ മേഖലകളിലുള്ളവരുടെയും സന്നദ്ധ സംഘടനകളുടെയും അഭ്യുദയകാംക്ഷികളുടെയും യോഗം 20ന് വൈകീട്ട് 4.30ന് സ്റ്റേഡിയം പവലിയനില്‍ ചേരും.
ഏതാനും വർഷം മുൻപ് കിഫ്ബിയില്‍ നിന്നുള്ള 1.20 കോടിഫണ്ട് ഉപയോഗിച്ചാണ് താലൂക്ക് ആസ്പത്രിയില്‍ 10 ഡയലിസിസ് യന്ത്രങ്ങള്‍ സ്ഥാപിച്ചത്. നഗരസഭ വകയിരുത്തിയ 45 ലക്ഷം രൂപ ഉപയോഗിച്ചായിരുന്നു ആദ്യഘട്ടത്തില്‍ ഒരുഷിഫ്റ്റ് പ്രവർത്തിപ്പിച്ചത്. പിന്നീട് ഡയലിസിസ് രോഗികള്‍ കൂടിയതോടെ രണ്ട് ഷിഫ്റ്റുകളിലായിട്ടായിരുന്നു പ്രവർത്തനം.
കൂത്തുപറമ്പ് നഗരസഭയുടെ കീഴില്‍ ജീവനം കിഡ്നി പേഷ്യന്റ് വെല്‍ഫെയർ ചാരിറ്റബിള്‍ സൊസൈറ്റി രൂപീകരിച്ചായിരുന്നു ഇതിനുള്ള ഫണ്ട് കണ്ടെത്തിയിരുന്നത്. 2019ല്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടത്തിയ ജനകീയ ഫണ്ട് ശേഖരണത്തിലൂടെ 48,63,355 രൂപയാണ് സൊസൈറ്റിക്ക് ലഭിച്ചത്. എന്നാല്‍, രോഗികളുടെ എണ്ണം വർധിക്കുകയും ചെലവ് കൂടുകയും ചെയ്ത സാഹചര്യത്തില്‍ വീണ്ടും ഫണ്ട് കണ്ടെത്തേണ്ട സാഹചര്യത്തിലാണ് സൊസൈറ്റി.
അതോടൊപ്പം മൂന്നാമതൊരു ഷിഫ്റ്റ് തുടങ്ങിയാലെ പുതിയ അപേക്ഷകരില്‍ പലർക്കും ചികിത്സ ലഭ്യമാക്കാൻ സാധിക്കുകയുള്ളൂ. വീണ്ടും ജനകീയ ഫണ്ട് ശേഖരണത്തിനുള്ള തയാറെടുപ്പിലാണ് അധികൃതർ.