തലശ്ശേരിയിൽ ഓട്ടോറിക്ഷയിൽ യുവതിക്കുനേരെ മാനഭംഗ ശ്രമം; ഓട്ടോ ഡ്രൈവർ അടക്കം രണ്ടുപേർ പിടിയിൽ

തലശ്ശേരി : തലശ്ശേരി ടൗണിലേക്ക് യാത്ര ചെയ്യുകയായിരുന്ന യുവതിയെ ഓട്ടോയിൽവെച്ച് മാനഭംഗപ്പെടുത്താൻ ശ്രമം. മാനഭംഗ ശ്രമം എതിർത്ത യുവതിയെ ഓട്ടോറിക്ഷയിൽ നിന്ന് തള്ളിയിട്ട് പരിക്കേൽപ്പിക്കുകയും ചെയ്തു. പ്രതികളായ ഓട്ടോ ഡ്രൈവർ വയലളം നങ്ങാറത്ത് പീടികയിലെ പ്രദീപൻ (60), യാത്രക്കാരനായിരുന്ന ചെമ്പിലോട് സ്വദേശി വിനോദൻ (56) എന്നിവരെ ന്യൂമാഹി എസ്.ഐ അനീഷ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. കോടിയേരി പാറാൽ സ്വദേശിനിയായ 47 കാരിയാണ് മാനഭംഗത്തിനിരയായത്. ഓട്ടോക്ക് കൈകാണിച്ച് കയറിയ യുവതിയോട് ഓട്ടോയിൽ ഡ്രൈവർക്കൊപ്പമുണ്ടായിരുന്നയാൾ അപമര്യാദയായി പെരുമാറുകയായിരുന്നു. യുവതി എതിർത്തോടെ വഴിയിൽ തള്ളിയിട്ട ശേഷം ഓട്ടോറിക്ഷയുമായി പ്രതികൾ കടന്നുകളഞ്ഞു.
മുഖത്തും ചെവിക്കും മുറിവേറ്റ യുവതി നേരിട്ട് ന്യൂ മാഹി പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. ന്യൂ മാഹി പോലീസ് രാത്രി തന്നെ അന്വേഷണം ആരംഭിക്കുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.