പ്ലസ് വണ്‍ പ്രവേശനം: അക്ഷയയിൽ തിക്കി തിരക്കണ്ട, നേറ്റിവിറ്റി/ ജാതി തെളിയിക്കാൻ 10ാം തരം സ‍ര്‍ട്ടിഫിക്കറ്റ് മതി

Share our post

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പ്രവേശനത്തിന്റെ ആവശ്യത്തിനായി എന്ന രീതിയില്‍ നേറ്റിവിറ്റി, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ധാരാളം അപേക്ഷകള്‍ അക്ഷയ കേന്ദ്രങ്ങള്‍ മുഖേന വില്ലേജ് ഓഫീസുകളില്‍ ലഭിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

പ്ലസ് വണ്‍ പ്രവേശനത്തിന് നേറ്റിവിറ്റിയും ജാതിയും തെളിയിക്കുന്നതിന് എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ് മതിയാകും. പട്ടിക ജാതി/ പട്ടിക വര്‍ഗ/ ഒഇസി വിദ്യാര്‍ഥികള്‍ മാത്രമേ പ്രവേശന സമയത്ത് വില്ലേജ് ഓഫീസില്‍ നിന്നുള്ള ജാതി സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കേണ്ടതുള്ളൂ. ഇതുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നതിനെതിരേ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

എസ്.എസ്.എല്‍.സി, ടി.എച്ച്എസ്എൽസി, എഎച്ച്എസ്എൽസി സേ പരീക്ഷ മെയ് 28 മുതൽ ജൂൺ നാല് വരെ: വിജ്ഞാപനമിറക്കി

സംസ്ഥാനത്ത് പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടാത്ത കുട്ടികൾക്ക് ഒരു ശ്രമം കൂടി അനുവദിക്കുന്നതിന്റെ ഭാഗമായി സേ പരീക്ഷ നടത്തും. മെയ് 28 മുതൽ ജൂൺ നാല് വരെയാണ് സേ പരീക്ഷയുടെ തീയ്യതികൾ. ഇത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് പരീക്ഷാ ഭവൻ വിജ്ഞാപനമിറക്കി. എസ്.എസ്.എല്‍.സി, ടിഎച്ച്എസ്എൽസി, എ.എച്ച്എസ്എൽസി പരീക്ഷകളിൽ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടാത്ത കുട്ടികൾക്ക് പരീക്ഷയെഴുതാം.

എസ്.എസ്.എല്‍.സി പരീക്ഷയിൽ ഇത്തവണ 99.69 ശതമാനമാണ് വിജയം. എസ്എസ്എൽസിക്ക് കഴിഞ്ഞ തവണ 99. 7% ആയിരുന്നു വിജയം. ഇത്തവണ 0.01% മാത്രമാണ് ഫലത്തിലുണ്ടായ കുറവ്. എല്ലാ വിഷയത്തിനും എ പ്ലസ് കിട്ടിയവരുടെ എണ്ണം 71,831. വിജയ ശതമാനം ഏറ്റവും കൂടുതൽ കോട്ടയം ജില്ലയിൽ 99.92. കുറവ് തിരുവനന്തപുരത്ത്. 99.08. പാലാ ഉപവിദ്യാഭ്യാസ ജില്ല സമ്പൂര്‍ണ വിജയം നേടി ഒന്നാമതെത്തി.

എസ്.എസ്.എല്‍.സിക്ക് വാരിക്കോരി മാർക്കിടുന്നുവെന്ന ആക്ഷേപം ശക്തമാകുന്നതിനാൽ പരീക്ഷാരീതിയിൽ മാറ്റം വരുത്താൻ സര്‍ക്കാര്‍ തലത്തിൽ തീരുമാനിച്ചിട്ടുണ്ട്. നിലവിൽ നിരന്തരമൂല്യ നിർണ്ണയത്തിന് 20 മാർക്കും എഴുത്തുപരീക്ഷയിൽ വെറും പത്ത് മാർക്കുമുണ്ടെങ്കിൽ പാസാകും. ഈ ഉദാര രീതി മാറ്റിയാണ് സബ്‌ജക്ട് മിനിമത്തിലേക്കുള്ള മടക്കം. എഴുത്തുപരീക്ഷയിൽ എല്ലാ വിഷയത്തിനും മിനിമം 12 മാർക്കുണ്ടെങ്കിലേ ജയിക്കൂ. എട്ടാം ക്ളാസ് വരെ എല്ലാവരെയും പാസ്സാക്കുന്ന രീതിയിലും മാറ്റം കൊണ്ടുവരും. പരിഷ്ക്കരണത്തിനായി ഉടൻ വിദ്യാഭ്യാസ വകുപ്പ് കോൺക്ലേവ് നടത്തും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!