ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍; ഡ്രൈവിങ് ടെസ്റ്റ് ഇന്ന് മുതൽ

Share our post

സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കാരവുമായി ബന്ധപ്പെട്ട് ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍ നടത്തി വന്ന സമരം മന്ത്രി കെ.ബി. ഗണേഷ്‌ കുമാറുമായി നടത്തിയ ചര്‍ച്ചയില്‍ തീര്‍പ്പായതോടെ ഇന്ന് മുതല്‍ ഡ്രൈവിങ് ടെസ്റ്റുകള്‍ പുന:രാരംഭിക്കും. ഒരു മോട്ടോര്‍ വാഹന ഓഫീസിന് കീഴില്‍ ദിവസേന 40 ഡ്രൈവിങ് ടെസ്റ്റുകള്‍ എന്ന നിര്‍ദേശം ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് ദിവസേന 40 ടെസ്റ്റുകള്‍ എന്ന് പരിഷ്‌കരിക്കാന്‍ ഗതാഗത വകുപ്പ് തീരുമാനിച്ചു.

ലൈസന്‍സ് അപേക്ഷകരുടെ എണ്ണം കണക്കിലെടുത്ത് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തില്‍ നിന്നും കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിച്ച് ടെസ്റ്റുകളുടെ എണ്ണം കൂട്ടും. ടെസ്റ്റിന് വേണ്ടി ആധുനിക വാഹനങ്ങള്‍ സര്‍ക്കാര്‍ ലഭ്യമാക്കുന്നത് വരെ രണ്ട് വീതം ക്ലച്ചും ബ്രേക്കുമുള്ള വാഹനങ്ങള്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചു.

ടെസ്റ്റ് നടത്തുന്ന വാഹനത്തിന്റെ ഉള്‍വശവും മുന്‍ഭാഗവും വ്യക്തമായി ചിത്രീകരിക്കുന്ന കാമറകള്‍ മോട്ടോര്‍ വാഹന വകുപ്പ് സ്ഥാപിക്കും. ഇവയിലെ ദൃശ്യങ്ങള്‍ മൂന്ന് മാസം സൂക്ഷിക്കും. 18 വര്‍ഷം വരെ പഴക്കമുള്ള വാഹനങ്ങള്‍ ഡ്രൈവിങ് ടെസ്റ്റിന് ഉപയോഗിക്കാം. ഇരുചക്ര വാഹന ലൈസന്‍സ് ടെസ്റ്റ് കാല്‍ കൊണ്ട് ഗിയര്‍ മാറ്റുന്ന വാഹനങ്ങളിലേക്ക് മാറ്റും.

ഡ്രൈവിങ് സ്‌കൂളുകളുടെ ഫീസ് നിരക്ക് ഏകീകരിക്കാന്‍ മൂന്ന് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ സമിതിയെ നിയോഗിക്കും. നിലവിലെ മാതൃകയില്‍ ഗ്രൗണ്ട് ടെസ്റ്റ് ആദ്യവും റോഡ് ടെസ്റ്റ് രണ്ടാമതും നടത്തും. ഡ്രൈവിങ് പഠിപ്പിക്കുന്നവര്‍ ലൈസന്‍സ് നേടി അഞ്ച് വര്‍ഷം കഴിഞ്ഞവർ ആകണമെന്ന നിര്‍ദേശം കര്‍ശനമാക്കാനും തീരുമാനിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!